പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനെ കാണാതായി. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് യുവാവിനെ കാണാതായത്.
ആരുടെയും ശ്രദ്ധയിൽപ്പെടാതെ വാതിൽ തുറന്ന് പുറത്തിറങ്ങിയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു, ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ടോയ്‌ലെറ്റിൽ അടക്കം പോയി മടങ്ങിവരാൻ ആവശ്യമായ സമയം കഴിഞ്ഞും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങിയത്. തുടർന്ന് ഇവർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇയാളുടെ പേരുവിവരങ്ങൾ ജില്ലാ ഭരണകൂടം പൊലീസിന് കൈമാറി.
യുവാവിനെ എത്രയും വേഗം കണ്ടെത്താനും തിരികെയെത്തിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതർ. യുവാവിന് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച ആളുകളുമായി യുവാവ് അടുത്തിടപഴകിയിരുന്നു. ഇതിനെത്തുടർന്ന് ചില രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ആശുപത്രിയിലെ ഐസൊലേഷൻ വാർിൽ പ്രവേശിപ്പിച്ചത്.