പൂനെ: കൊറോണ വൈറസ് ബാധയുടെ വാർത്തകൾ നിരന്തരം പുറത്തുവരുന്ന വേളയിൽ ഫേസ് മാസ്‌ക് തേടിയെത്തുന്നവരുടെ എണ്ണവും കാര്യമായി വർദ്ധിച്ചിരിക്കുകയാണ്. രോഗത്തിനെതിരെ മുൻകരുതലെന്ന നിലയിലാണ് മിക്കവരും മുഖാവരണം വാങ്ങി ഉപയോഗിക്കുന്നത്.
ഇതിനിടെ ആവശ്യക്കാർ വർദ്ധിച്ച വേളയിൽ മുഖാവരണങ്ങൾ മോഷ്ടിക്കപ്പെട്ടു എന്ന ഒരു വാർത്ത പുറത്തുവരുന്നത്. പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാർമസിസ്റ്റായ സുയാഷ് പന്ധാരെയെയാണ് മുഖാവരണങ്ങളും മരുന്നുകളും മോഷ്ടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രി ഫാർമസിയിൽ സൂക്ഷിച്ചിരുന്ന 95 മുഖാവരണങ്ങളും ചില മരുന്നുകളും ഓയിൻമെന്റുകളുമാണ് 28കാരനായ സുയാഷ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. ഞായറാഴ്ച രാവിലെയാണ് ആശുപത്രി അധികൃതർ മോഷണം നടന്ന കാര്യം അറിഞ്ഞത്. കൈയിൽ വലിയ കവറുകളുമായാണ് ഇയാളെ കണ്ടതെന്നും ചോദിച്ചപ്പോൾ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പോകുകയാണെന്നാണ് പറഞ്ഞതെന്നും ഇവർ പൊലീസിന് മൊഴി നൽകി.