ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന കോൺഗ്രസ് എം.എൽ.എമാർ ബംഗളുരു
വിലേക്ക് മാറിയതിന് പിന്നാലെ ഇവരെ അനുനയിപ്പിക്കാൻ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കമൽനാഥ് മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടന നടത്തി ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.
ആറുമന്ത്രിമാർ ഉൾപ്പെടെ 18 എം.എൽ.എമാരാണ് ബെംഗളുരുവിലെ റിസോർട്ടിലേക്ക് മാറ്റിയത്.
മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ച ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ 23 എം.എൽ.എമാരുടെ പിന്തുണ മാത്രമെ സിന്ധ്യയ്ക്ക് ഉണ്ടായിരുന്നുള്ളു. ഇതോടെ മുതിർന്ന നേതാവ് കമൽനാഥ് മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയും സംസ്ഥാന കോൺഗ്രസില്‍ ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു. കമൽനാഥും സിന്ധ്യയും തമ്മിലുടെ ഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു.