തിരുവനന്തപുരം: ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സർവമംഗള മംഗല്യയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവർക്ക് കുംഭച്ചൂടിൽ തിളയ്ക്കുന്ന നഗരപാതകളോ അടുപ്പിൽ നിന്നുള്ള ചൂടോ ഒന്നും തടസമായിരുന്നില്ല.
സർവദുരിതവും മാറ്റി അനുഗ്രഹം ചൊരിയേണമേ, ദൃഷ്ടിദോഷവും വിളിദോഷവും ശാപദോഷവും മാറ്റിത്തരണമേ എന്നു മനമുരുകി പ്രാർത്ഥിച്ച് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ആത്മനിർവൃതിയോടെ ഭക്തലക്ഷങ്ങൾ മടങ്ങി.
അടുത്ത വർഷവും ഇതുപോലെ പൊങ്കാലയിടാൻ അവസരമുണ്ടാക്കണേയെന്ന പ്രാർത്ഥന മാത്രമായിരുന്നു ഓരോരുത്തരുടെയും മനസിൽ. നാനാ ദേശങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലെത്തിയത്. പൊങ്കാല അർപ്പിക്കുന്നതിനു മുൻപ് അമ്മയെ കാണാൻ നിരവധിപേർ പുലർച്ചെ മുതൽ ക്ഷേത്രത്തിലേക്ക് എത്തി. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് പലർക്കും ദർശനം സാദ്ധ്യമായത്.
ക്ഷേത്രത്തിന്റെ പതിനഞ്ച് കിലോമീറ്ററോളം ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു. ക്ഷേത്രമൈതാനത്തായിരുന്നു കൂടുതൽ അടുപ്പുകൾ നിരന്നത്. ആറ്റുകാൽ, മണക്കാട്, കമലേശ്വരം, കരമന, കിള്ളിപ്പാലം, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരം, പഴവങ്ങാടി , കിഴക്കേകോട്ട, തമ്പാനൂർ, ഓവർബ്രിഡ്ജ്, ആയുർവേദ കോളേജ് ജംഗ്ഷൻ, സ്റ്റാച്യു, സ്പെൻസർ, പാളയം, ബേക്കറി, പനവിള, പേട്ട, കവടിയാർ, നാലാഞ്ചിറ, ശ്രീകാര്യം എന്നിവിടങ്ങളിലാണ് കൂടുതൽ പേരും പൊങ്കാലയിട്ടത്. ബൈപാസിലും നഗരത്തിലെ മറ്റ് ഇടറോഡുകളിലും പൊങ്കാലയടുപ്പുകൾ നിരന്നു.
എന്താവശ്യത്തിനും തയ്യാറായി സന്നദ്ധ സേവകരും റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളും രംഗത്തുണ്ടായിരുന്നു. പൊലീസും ഫയർഫോഴ്സും നഗരസഭാ അധികൃതരും വാട്ടർ അതോറിട്ടിയുമെല്ലാം ചേർന്ന് പൊങ്കാലയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കി. ഗതാഗതം സുഗമമാക്കാൻ റോഡിന് ഇരുവശത്തും മാത്രമേ പൊങ്കാല അർപ്പിക്കാൻ പാടുള്ളൂ എന്ന അധികൃതരുടെ അറിയിപ്പ് ഭക്തർ അനുസരിച്ചു.
പൊങ്കാല അടുപ്പുകളിൽ അധികവും കൂട്ടിയത് വീടുകളുടെയും സ്ഥാപനങ്ങളുടെയും മുറ്റത്തായിരുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള വീടുകളുടെ ഗേറ്റുകളും പൊങ്കാലക്കാർക്കായി തുറന്നുകൊടുത്തു.
രാവിലെ 10.20ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ കത്തിച്ചതോടെ വായ്ക്കുരവയും അമ്മേ ദേവീ നാരായണീ എന്ന ഉച്ചത്തിലുള്ള പ്രാർത്ഥനകൾ ഉയർന്നു. നോക്കിനിൽക്കെ ആ ജ്വാല അടുപ്പുകളിൽ നിന്ന് അടുപ്പുകളിലേക്ക് കൈമാറി അനന്തപുരിയാകെ പടർന്നു. ഈ സമയം ആകാശത്ത് ശ്രീകൃഷ്ണപ്പരുന്തുകൾ വട്ടമിട്ടു പറന്നു.
ഭക്തർ കൈകൂപ്പി അമ്മേ ദേവീ ആറ്റുകാലമ്മേ ശരണം എന്നുറക്കെ വിളിച്ചു. പിന്നാലെ ആറ്റുകാലമ്മയെ മനസിൽ ധ്യാനിച്ച് തിളച്ച വെള്ളത്തിലേക്ക് ഭക്തർ അരി കഴുകിയിട്ടു. അമ്മയോട് പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും കാരണങ്ങൾ പലതായിരുന്നു. ജീവിതം മെച്ചപ്പെടാൻ, നല്ല ജോലി കിട്ടാൻ, മകന്റെയോ മകളുടെയോ വിവാഹ തടസം മാറാൻ, മക്കളുണ്ടാകാൻ, രോഗശമനമുണ്ടാകാൻ ഇങ്ങനെ പോകുന്നു. ഇതിനിടെ, പ്രതിഷേധ പൊങ്കാലകളും അരങ്ങേറി.
ഉച്ചയ്ക്ക് 12.30 ഓടെ പായസവും തെരളിയും മണ്ടപ്പുറ്റും വെള്ളച്ചോറുമെല്ലാം വെന്തുപാകമായി. തുടർന്ന് അവ വാഴയില കൊണ്ട് മൂടിവച്ച് ദേവീസ്തുതികളുമായി നിവേദ്യത്തിനായുള്ള കാത്തിരിപ്പ്. പിന്നീട് അന്നദാനത്തിന്റെ മണിക്കൂറുകൾ. രാവിലെ 11.30 ഓടെ ക്ഷേത്രത്തിന് സമീപത്തുള്ള കാർത്തിക ആഡിറ്റോറിയത്തിലും അംബ ആഡിറ്റോറിയത്തിലും ഉച്ചഭക്ഷണ വിതരണം തുടങ്ങിയെങ്കിലും എല്ലാം ഒരുക്കി വച്ചതിനുശേഷമാണ് ഭൂരിഭാഗം പേരും ഭക്ഷണം കഴിക്കാൻ പോയത്. ക്ഷേത്രത്തിലെ ഭക്ഷണവിതരണം കൂടാതെ നഗരത്തിന്റെ മുക്കിലും മൂലയിലും അന്നദാനം നടന്നു.
സന്നദ്ധസംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അന്നദാനത്തിന് സംവിധാനങ്ങൾ ഏറെയായിരുന്നു. എല്ലായിടത്തും നീണ്ടനിര കാണാമായിരുന്നു. ഭക്ഷണം എല്ലാവർക്കും കിട്ടിയെന്നുറപ്പാക്കാൻ വോളന്റിയർമാർ വിശ്രമമില്ലാതെ ഓടി നടന്നു. ഇതോടൊപ്പം ഭക്തർക്ക് കുടിവെള്ളവും കൊടുംചൂടിനെ അകറ്റാൻ തണ്ണിമത്തൻ ജ്യൂസും വിതരണം ചെയ്തു. ശാരീരിക അസ്വസ്ഥത തോന്നിയവരെ സഹായിക്കാൻ എല്ലായിടത്തും മെഡിക്കൽ സംഘങ്ങളുണ്ടായിരുന്നു. സർവസന്നാഹങ്ങളുമായി പൊലീസും ഫയർഫോഴ്സും ജാഗരൂഗരായിരുന്നു. കടുത്ത പുകയിലും കൊടുംചൂടിലും വാടിവീണവരെയും കൊണ്ട് ആംബുലൻസുകൾ ആശുപത്രിയിലേക്ക് പാഞ്ഞു. ഡോക്ടർമാരും നഴ്സുമാരും ജനറൽ ആശുപത്രിയിലും തൈക്കാട് ആശുപത്രിയിലും സദാ സേവനസന്നദ്ധരായി ഉണ്ടായിരുന്നു.
ഉച്ചക്ക് 2.10ന് പൊങ്കാല നിവേദിക്കാൻ തുടങ്ങിയതോടെ ഭക്തർ കൈകൂപ്പി ഏകസ്വരത്തിൽ വീണ്ടും ആറ്റുകാലമ്മയെ സ്തുതിച്ചു. 250 ശാന്തിക്കാരാണ് തീർത്ഥം തളിക്കാൻ നഗരമാകെ പാഞ്ഞത്. ഈ സമയം ആകാശത്ത് നിന്ന് അനന്തപുരിയുടെ മാറിലേക്ക് പുഷ്പവൃഷ്ടി നടന്നു. അരമണിക്കൂർ കൊണ്ട് തീർത്ഥം തളിച്ച് പൊങ്കാലയ്ക്ക് പരിസമാപ്തി കുറിച്ചു. ആത്മനിർവൃതിയടഞ്ഞതിനു ശേഷമുള്ള മടക്കയാത്രയുടെ മണിക്കൂറുകളായിരുന്നു പിന്നീട്. പല നാട്ടിൽ നിന്ന് വന്നവർ അഞ്ച് മണിക്കൂർ ഒരേ മനസോടെ അമ്മയുടെ സന്നിധിയിൽ ഒന്നിച്ചിരുന്ന ശേഷം പൊങ്കാലക്കലങ്ങളുമേന്തി മടങ്ങി. നഗരസഭ അതിവിപുലമായ ഒരുക്കങ്ങളാണ് പൊങ്കാലയ്ക്കായി ഏർപ്പെടുത്തിയിരുന്നത്. എല്ലാറ്റിനും നേതൃത്വം നൽകി മേയർ കെ. ശ്രീകുമാർ മുന്നിലുണ്ടായിരുന്നു.