തിരുവനന്തപുരം: മണിക്കൂറുകൾക്കു മുമ്പു തന്നെ അടുപ്പുകൂട്ടി അതിനു പിന്നിൽ ഒരു തപസുപോലെ കാത്തിരുന്ന സ്ത്രീകൾ. മൺപാത്രത്തിൽ വെള്ളംമെടുത്ത് അടുപ്പിലോട്ടു വച്ചു. അതിൽ ചന്ദനം തൊട്ടു. പിന്നെ ഒരു പൂമാല കൂടി കെട്ടി. അടുപ്പിനു മുന്നിൽ അവലും മലരും കൽക്കണ്ടവും പഴവും കൊണ്ട് ചെറുപടുക്ക. അവിടെ നിലവിളക്കും തെളിച്ചു. പിന്നെ കൈക്കൂപ്പി പ്രാർത്ഥന. ഒടുവിൽ അമ്പലനടയിൽ നിന്നു വായ്ക്കുരവയും വെടിക്കെട്ടും കേട്ട പുണ്യമുഹൂർത്തത്തിൽ അടുപ്പിൽ അഗ്നി ജ്വലിച്ചു. മൺകലങ്ങളിൽ പൊങ്കാലയും മനസിൽ ഭക്തിയും തിളച്ചു പൊങ്ങിയ പകൽ.
പൊങ്കാലക്കലങ്ങളിൽ ഉണക്കലരി, നാളികേരം, ശർക്കര, ചെറുപഴം, നെയ്യ്, പഞ്ചസാര, കൽക്കണ്ടം, ഉണക്കമുന്തിരി, ചെറുപയർ, കശുഅണ്ടിപ്പരിപ്പ്, എള്ള് എന്നിങ്ങനെ ദ്രവ്യങ്ങൾ തിളച്ചുതൂകിയപ്പോൾ വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സായൂജ്യം അനുഭവിച്ച സംതൃപ്തിയോടെ ആറ്റുകാലമ്മയെ കണ്ണടച്ച് കൈകൂപ്പി തൊഴുതു.
തലസ്ഥാന നഗരം ആറ്റുകാലമ്മയുടെ തിരുനടയായി. അനന്തപുരി ഭക്തമാനസങ്ങളുടെ ആനന്ദപുരിയായി.
നാനാഭാഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങൾക്ക് ആതിഥ്യമരുളി നഗരവാസികളും നിർവൃതി പൂണ്ടു. കത്തുന്ന വേനലിനൊപ്പം പൊങ്കാലച്ചൂടും കൂടി ഉയർന്നപ്പോൾ നഗരം യാഗഭൂമിയായി. കുംഭമാസ സൂര്യൻ അതിന്റെ സർവ പ്രതാപത്തോടെ ജ്വലിച്ചു നിന്ന നട്ടുച്ച നേരത്തു തന്നെ പൊങ്കാല തിളച്ചു മറിഞ്ഞു. അത്മഹർഷത്തോടെ പിന്നെ കാത്തിരുന്നത് നിവേദ്യത്തിനായി മാത്രം.
മാസങ്ങൾക്ക് മുൻപേ പൊലീസും ഫയർഫോഴ്സും നഗരസഭാ അധികൃതരും പൊങ്കാലയ്ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയപ്പോൾ വീടും പരിസരവും വൃത്തിയാക്കി ഭക്തരെയും കാത്തിരിക്കുകയായിരുന്നു നഗരവാസികൾ. പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി നടത്തുന്ന ഭൂമിപൂജ കൂടിയാണ് പൊങ്കാല. ഭൂമീദേവിയുടെ പ്രതീകമായ മൺകലത്തിൽ വായു, ആകാശം, ജലം, അഗ്നി എന്നിവ കൂടിച്ചേരുമ്പോഴാണു നിവേദ്യം പൂർത്തിയാകുന്നത്. അതുകൊണ്ടാണ് വ്രതശുദ്ധമായ മനസും ശരീരവുമായി ഭക്തർ അർപ്പിക്കുന്ന പൊങ്കാലയ്ക്കു പ്രാധാന്യമേറുന്നത്.
കൊറോണാ ഭീതിയിൽ ജാഗ്രതയോടെ ...
സർവസന്നാഹങ്ങളുമൊക്കി പൊലീസും ഫയർഫോഴ്സും അടക്കമുള്ള സേനകൾ സദാ നഗരം ചുറ്റിക്കൊണ്ടിരുന്നു. കൊറോണ ഭീതിയുടെ സാഹചര്യം കൂടിയുള്ളതിനാൽ ആരോഗ്യവകുപ്പ് ജാഗരൂകരായി. ഡോക്ടർമാരും നഴ്സുമാരും ജനറൽ ആശുപത്രിയിലും തൈക്കാട് ആശുപത്രിയിലും മെഡിക്കൽ കോളേജിലും സേവനസന്നദ്ധരായി നിലകൊണ്ടു. നഗരത്തിന്റെ മുക്കിലും മൂലയിലും അന്നദാനം നടന്നു. എന്നാൽ പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള ഹരിത ചട്ടം പക്ഷേ പലയിടത്തും ഫലം കണ്ടില്ല. പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലേറ്റുകളും അന്നദാനവേളയിൽ നഗരത്തിൽ സുലഭമായിരുന്നു. എങ്കിലും വിപുലമായ ഒരുക്കങ്ങളാണ് ഈ വിശുദ്ധ യജ്ഞത്തിനായി നഗരസഭ നടത്തിയത്.
സംതൃപ്തിയോടെ മടക്കം...
2.10 ന് വീണ്ടും ചെണ്ടമേളവും പ്രാർത്ഥനയും മുഴങ്ങി. 250 ശാന്തിക്കാരാണ് തീർത്ഥം തളിക്കാൻ നാടാകെ പാഞ്ഞത്. അവരെ യഥാസ്ഥലങ്ങളിൽ എത്തിക്കാൻ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികൾ ബൈക്കുമായി കാത്തുനിന്നിരുന്നു. അരമണിക്കൂർ കൊണ്ട് അവർ പലദിക്കുകളിൽ പാഞ്ഞെത്തി.നാലര മണിക്കൂർ ഒരേ മനസോടെ നിന്ന ഭക്തർ, തീർത്ഥം തളിച്ച് പൊങ്കാലക്കലങ്ങളുമേന്തി മടങ്ങി, അടുത്ത തവണയും ഭാഗ്യമേകണേ എന്ന പ്രാർത്ഥനയോടെ. നിവേദ്യം ഒരു വീട്ടിലുള്ളവർക്ക് മാത്രമല്ല, ഒരു നാടിനാകെയുള്ളതാണ്. അത് വിതരണം ചെയ്തു തീരുമ്പോഴേ സംതൃപ്തി കൈവരൂ.