തിരുവനന്തപുരം: പൊങ്കാലയർപ്പിക്കുന്നവർക്ക് സുരക്ഷയൊരുക്കുക മാത്രമാണ് പൊലീസിന്റെ പണി എന്നാരു പറഞ്ഞു. ഇവിടെ പൊലീസുകാർ സുരക്ഷയുമൊരുക്കും ഭക്തർക്ക് ഭക്ഷണവും കൊടുക്കും. പതിവുതെറ്റിക്കാതെ ഇത്തവണയും പൊലീസ് ആസ്ഥാനത്തിനു സമീപം പൊങ്കാലയിടുന്നവർക്കായി സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
ബ്രഡും പഴവും ചായയുമടങ്ങിയ പ്രഭാത ഭക്ഷണം, കുടിവെള്ളം, തണ്ണിമത്തൻ, നല്ല തണുത്ത മോര്, ഫ്രൈഡ്റൈസും വെജ് കറിയും അടങ്ങിയ ഉച്ചഭക്ഷണം, വൈകിട്ട് ചായയും ലഘുഭക്ഷണവും... ഇങ്ങനെ ഭക്തർക്കു വേണ്ടതെല്ലാം ഒരുക്കിയാണ് പൊലീസ് പൊങ്കാലയെ സ്വാഗതം ചെയ്തത്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഭക്ഷണ വിതരണത്തിൽ പങ്കാളിയായി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 25,000ത്തോളം സ്ത്രീകൾക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്.
1000 പേർക്ക് പ്രഭാതഭക്ഷണവും നൽകി. പൊലീസ് ആസ്ഥാനത്തെ ജീവനക്കാർ ചേർന്നാണ് ഭക്ഷണത്തിനുള്ള ചെലവ് വഹിച്ചത്.പൊലീസിന്റെ നേതൃത്വത്തിൽ ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകൾ സ്ഥാപിച്ചിരുന്നു. പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ 112 എന്ന ടോൾ ഫ്രീ നമ്പരും പൊലീസ് ഒരുക്കിയിരുന്നു.
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഇന്നലെ മ്യൂസിയം പൊലീസുമുണ്ടായിരുന്നു. സ്റ്രേഷന് മുന്നിലായി ഒരുക്കിയ പൊങ്കാലയടുപ്പിൽ എസ്.ഐ സംഗീതയും പൊലീസ് ഓഫീസർ അശ്വതിയും പൊങ്കാലയിട്ടപ്പോൾ മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പൂർണ പിന്തുണയേകി പിന്നിലുണ്ടായിരുന്നു.