തിരുവനന്തപുരം : പൊങ്കാല അടുപ്പുകളും ചാരവുമെല്ലാം ആറ് മണിക്കൂറിനകം നീക്കം ചെയ്ത് കോർപറേഷനിലെ ആരോഗ്യവകുപ്പ് ജീവനക്കാർ. 2.10ന് നിവേദ്യം കഴിഞ്ഞയുടൻ റോഡരികിൽ ഉണ്ടായിരുന്ന അടുപ്പുകൾ നീക്കം ചെയ്തു. വാഹനങ്ങൾക്ക് പോകാനനുള്ള സൗകര്യം ഒരുക്കിയ ശേഷം മാലിന്യങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി. 6 മണിക്കുള്ളിൽ എല്ലാ പ്രദേശങ്ങളിൽ നിന്നും ലോറിയിൽ മാലിന്യം നീക്കം ചെയ്തു കഴിഞ്ഞു .
ശുചീകരണ പ്രവർത്തനത്തിന് 650 സ്ഥിരം ജീവനക്കാരും 370 താത്കാലിക ജീവനക്കാരുമാണ് മണിക്കൂറുകൾക്കകം കർമ്മനിരതരായത്. കൂടാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് മാത്രമായി നിയോഗിച്ച 2400 താത്കാലിക ജീവനക്കാർ ഉൾപ്പെടെ 3420 പേരാണ് രംഗത്തിറങ്ങിയത്. മാലിന്യം നീക്കം ചെയ്യാൻ 60 ലോറി, 25 പിക്കപ്പ് ആട്ടോ എന്നിവയാണ് ഉണ്ടായിരുന്നത്.
ആദ്യ ഘട്ടത്തിൽ പ്രധാന റോഡുകളായ സ്റ്റാച്യു, കിഴക്കേകോട്ട, കരമന, പാളയം, പേട്ട തുടങ്ങിയ സ്ഥലങ്ങളും പിന്നാലെ ഇടറോഡുകളുമാണ് വൃത്തിയാക്കിയത്. ചാരം, വിറക്, വാഴയിലകൾ, പേപ്പർ അവശിഷ്ടങ്ങൾ, തണ്ണിമത്തൻ അവശിഷ്ടങ്ങൾ എന്നിവയടക്കം ശേഖരിച്ചുകൊണ്ടുപോയി തരംതിരിച്ചാണ് നശിപ്പിച്ചത്. ഹെൽത്ത് ഓഫീസറാണ് ശുചീകരണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. 2ഹെൽത്ത് സൂപ്പർവൈസർ, 27 ഹെൽത്ത് ഇൻസ്പെക്ടർ, 65 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കൃത്രിമ മഴയിൽ നഗരം ക്ളീൻ
പൊടിയും ചാരവും കഴുകിക്കളയാനായി രാത്രി 9മണിയോടെ നഗരത്തിൽ കൃത്രിമ മഴപെയ്യിച്ചു. സ്റ്റാച്യുവിൽ നിന്ന് ആരംഭിച്ച് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് കിഴക്കേകോട്ട മുതൽ കവടിയാർ വരെയുള്ള റോഡാണ് കഴുകി വൃത്തിയാക്കിയത്. സിനിമാ ഷൂട്ടിംഗിൽ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിയും ടാങ്കർ ലോറി അസോസിയേഷനും സഹകരിച്ചാണ് മഴ പെയ്യിച്ചത്.
കല്ലുകൾ വീടുവയ്ക്കാൻ
പൊങ്കാല കഴിഞ്ഞാലുടൻ കല്ലുകൾ ശേഖരിക്കാനായി 250 പേരെ നഗരസഭ രംഗത്തിറക്കി. യുവജനക്ഷേമ ബോർഡിന്റെ 400 യൂത്ത് ആക്ഷൻഫോഴ്സ് വോളന്റിയർമാരെ കൂടാതെ സന്നദ്ധ സംഘടനാ പ്രവർത്തകരും ഉണ്ടായിരുന്നു. ശേഖരിച്ച കല്ലുകൾ കേന്ദ്ര, സംസ്ഥാന ഭവനനിർമ്മാണ പദ്ധതികളുടെ ഭാഗമായി വീടുവയ്ക്കുന്ന ദരിദ്രരെ കണ്ടെത്തി സൗജന്യമായി നൽകാനാണ് പദ്ധതി.