തിരുവനന്തപുരം: അഞ്ച് വർഷങ്ങൾക്ക് മുൻപ് ട്രാൻസ്ജെൻഡർ പോളിസി നടപ്പായത് മുതൽ മുടങ്ങാതെ പൊങ്കാലയർപ്പിക്കുന്നതാണ് ട്രാൻസ്ജെൻഡർ പ്രതിനിധികളായ രേവതിയും മുമ്മുവും. ഇരുവരും ആറ്റുകാലമ്മയുടെ ഭക്തരും. ഗൾഫിൽ ജോലിയായെങ്കിലും ഇത്തവണയും പൊങ്കാല മുടക്കാൻ ഇവർ തയ്യാറല്ലായിരുന്നു. കടലു കടന്നെത്തിയാണ് ഇവർ പൊങ്കാലയിട്ടത്. സുഹൃത്തുക്കൾക്കൊപ്പം കോടിയുടുത്ത് മനസ് നിറയെ ഭക്തി നിറച്ച് ഇരുവരും പൊങ്കാലയിട്ടു, ഒരു വർഷത്തെ കാത്തിരിപ്പിന്റെ പുണ്യം പൊങ്കാലക്കലങ്ങളിൽ തിളച്ച് തൂകിയപ്പോൾ മനസിൽ നിറയെ ഭക്തിയായിരുന്നു.
പതിവ് തെറ്റിക്കാതെ ആറ്റുകാലമ്മയ്ക്ക് ആത്മനൈവേദ്യമായി ട്രാൻസ്ജെൻഡർ സമൂഹം ഇക്കുറിയും പൊങ്കാലയർപ്പിച്ചു. ആയുർവേദ കോളേജ് ജംഗ്ഷൻ, ധന്യ, രമ്യ തിയേറ്ററിന് സമീപത്തും ആറ്റുകാൽ, ഈഞ്ചയ്ക്കൽ, പനവിള എസ്.പി ഗ്രാൻഡ്ഡേയ്സ് ഹോട്ടലിന് സമീപം, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലുമാണ് ട്രാൻസ്ജെൻഡർ അംഗങ്ങൾ പൊങ്കാലയിട്ടത്. പണ്ടാരയടുപ്പിൽ തീ പകർന്നതോടെ ആർപ്പുവിളികളോടെയാണ് ഇവർ അടുപ്പിലേക്ക് തീ പകർന്നത്. ധന്യ, രമ്യ തിയേറ്ററിന് സമീപം 20ഓളം പേർ പൊങ്കാലയിടാനെത്തി.
2015ൽ ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കിയത് മുതൽ പൊങ്കാലയിടാൻ എത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ആദ്യമൊക്കെ കാണുന്നവർക്ക് അദ്ഭുതമായിരുന്നു, ഇപ്പോൾ അതില്ല, എല്ലാ വർഷവും പൊങ്കാലയിടാൻ എത്തിയതോടെ എല്ലാവരുടെയും തുറിച്ചുനോട്ടമൊക്കെ മാറിയെന്ന് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ ശ്രീക്കുട്ടി പറഞ്ഞു. പൊങ്കാലയിടാൻ തുടങ്ങിയ ആദ്യ വർഷങ്ങളിൽ തങ്ങളും സമൂഹത്തിന്റെ ഭാഗമാണെന്ന് എല്ലാവരും അറിയണമെന്നായിരുന്നു ആഗ്രഹം. അതിനായി ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്ന സ്ഥലങ്ങളിലാണ് പൊങ്കാലയിട്ടത്. ഇപ്പോൾ ആളുകൾക്കൊക്കെ ആരാണ് ട്രാൻസ്ജെൻഡേഴ്സ് എന്നറിയാം. അതുകൊണ്ട് കൂട്ടായ്മയിലെ എല്ലാവരും അവരവർക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് പൊങ്കാലയർപ്പിക്കുന്നത്, ട്രാൻസ്ജെൻഡർ പ്രതിനിധി ശ്യാമ പറയുന്നു.
രഞ്ജിനി പിള്ള, നക്ഷത്ര, കീർത്തി, മായ, സജ്ന, സന്ധ്യ, പാർവതി, മൈന, മീനാക്ഷി, അക്ഷയ തുടങ്ങിയവരും ഇവർക്കൊപ്പം പൊങ്കാലയിട്ടു. ഈഞ്ചയ്ക്കലിലാണ് സൂര്യ ഇഷാൻ പൊങ്കാലയിട്ടത്. കൊറോണ പേടി കൊണ്ട് ആരും മാറി നിന്നിട്ടില്ലെന്നും ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് ചൂട് കൂടുതലാണെന്നുമാണ് ഇവരുടെ സാക്ഷ്യം.