തിരുവനന്തപുരം: പല നാട്ടിൽ നിന്നെത്തിയവർ, ഇന്നുവരെ കണ്ട് പോലും പരിചയമില്ലാത്തവർ, ഒരു ദിവസത്തിന് ശേഷം ഇനി കാണുമോ എന്ന് പോലുമറിയാത്തവർ...ഇവരാരും വിശന്നിരിക്കരുതെന്ന് നിർബന്ധമായിരുന്നു തലസ്ഥാനവാസികൾക്ക്. പതിവുപോലെ ഈ വർഷവും നഗരവീഥികളിലാകെ വിവിധ പൗരസമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷണവിതരണം സജീവമായിരുന്നു. ഞായറാഴ്ച വൈകിട്ട് മുതൽ ഇന്നലെ വൈകിട്ട് വരെയുള്ള ആഹാരമാണ് വിതരണം ചെയ്തത്. കിഴക്കേകോട്ട, തമ്പാനൂർ, ആറ്റുകാൽ എന്നിവിടങ്ങളിലാണ് കൂടുതൽ സംഘടനകൾ ഭക്ഷണമെത്തിച്ചത്.
പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുറമേ കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ തണ്ണിമത്തൻ, കുടിവെള്ളം, പഴം തുടങ്ങിയവയും യഥേഷ്ടം വിതരണം ചെയ്തു. രാഷ്ട്രീയ സംഘടനകളും വിവിധ ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും വിവിധ സ്ഥലങ്ങളിൽ ഭക്ഷണ വിതരണം നടത്തി. ഇഡ്ഢലി, സാമ്പാർ, ചപ്പാത്തി, വെജിറ്റബിൾ കറി എന്നിങ്ങനെയായിരുന്നു പ്രഭാത ഭക്ഷണത്തിന്. ഉച്ചയ്ക്ക് സദ്യയോ ഫ്രൈഡ്റൈസോ. എല്ലാ സെന്ററുകളിലും ഭക്ഷണം വാങ്ങാനെത്തിയവരുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് ഒരു മണി ആയപ്പോൾ തന്നെ മിക്കയിടങ്ങളിലും ഭക്ഷണം തീരുകയും ചെയ്തു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പാത്രം കൊണ്ടുവരുന്നവർക്കാണ് ആഹാരം നൽകിയത്. ഡിസ്പോസിബിൾ പാത്രങ്ങൾ അനുവദനീയമല്ലെങ്കിലും ചിലയിടങ്ങളിൽ ഇത്തരം പാത്രങ്ങൾ ഉപയോഗിച്ചു.
സംഘടനകൾക്ക് പുറമേ നഗരത്തിലെ പ്രധാന വ്യാപാരികളും സ്ഥാപനങ്ങളും ആഹാരസാധനങ്ങൾ വിതരണം ചെയ്യാൻ മുന്നിലുണ്ടായിരുന്നു. പ്രമുഖ ടെക്സ്റ്റൈൽസ് ഷോപ്പുകൾ, ജുവലറികൾ എന്നിവർ സംഭാരം, നാരങ്ങാവെള്ളം, പഴം, തണ്ണിമത്തൻ തുടങ്ങിയവ വിതരണം ചെയ്തു. കടകളുടെ മുന്നിൽ ഒരുക്കിയ പന്തലിൽ വിതരണം നടത്തിയതിന് പുറമേ ജീവനക്കാർ ഭക്തർക്കരികിലെത്തി വെള്ളവും പഴങ്ങളും നൽകി. ഭക്ഷണത്തിന് പുറമേ തൊപ്പി, വിശറി തുടങ്ങിയവയും വ്യാപാരസ്ഥാപനങ്ങൾ വിതരണം ചെയ്തു.
കിഴക്കേകോട്ട പൗരസമിതിയുടെ സ്നേഹ പൊങ്കാല
തിരുവനന്തപുരം: കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ സമൂഹ മന:സാക്ഷി ഉണരാൻ കിഴക്കേകോട്ട പൗരസമിതിയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ 'തൻകുഞ്ഞ് പൊൻകുഞ്ഞ്"പൊങ്കാല സമർപ്പിച്ചു. കുട്ടികളെ കാക്കണം, താരാട്ട് കൈകൾ തണലാകട്ടെ എന്ന സന്ദേശമുയർത്തിയാണ് പൊങ്കാലയിട്ടത്.