തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പുണ്യം ആദ്യമായി നുകർന്ന് തിരുമല പാങ്ങോട് സൈനിക ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർ. ക്യാമ്പിലെ ജവാന്മാരുടെ ഭാര്യമാർക്കൊപ്പം ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് അവർ പൊങ്കാലയിട്ടത്. പാങ്ങോട് ഡെപ്യൂട്ടി കമാൻഡർ കേണൽ എം.എസ്. കുമാറിന്റെ ഭാര്യയും മലയാളിയുമായ ട്വിങ്കിൾ സ്വാതികുമാർ, ക്യാമ്പ് കമാൻഡർ ലഫ്റ്റനന്റ് കേണൽ വിശ്വനാഥിന്റെ ഭാര്യയും മലയാളിയുമായ രജിത വിശ്വനാഥ്, ലഫ്.കേണൽ അരവിന്ദ് ടോമറിന്റെ ഭാര്യ ബബിത ടോമർ, ആർമി റിക്രൂട്ട്മെന്റ് ഡയറക്ടർ എ.അരുണിന്റെ ഭാര്യ അദിപ ശർമ്മ എന്നിവരാണ് പൊങ്കാലയിട്ടത്. നേവി റിയർ അഡ്മിറൽ ശ്രീകുമാർ നായരുടെ ഭാര്യ മീനയും ഇവർക്കൊപ്പം പൊങ്കാലയിട്ടു.
കാസർകോട് സ്വദേശിയാണെങ്കിലും ട്വിങ്കിൾ സ്വാതി കുമാർ ആദ്യമായാണ് പൊങ്കാലയിടുന്നത്. നാലു വയസുള്ളപ്പോൾ കേരളത്തിൽ നിന്നു പോയതാണ്. പിന്നീട് പലപ്പോഴും ഇവിടെയെത്തിയെങ്കിലും പൊങ്കാലയിട്ടിട്ടില്ല. പൊങ്കാല ഇട്ടപ്പോഴുണ്ടായ ആഹ്ളാദം പറഞ്ഞറിയിക്കാനാവില്ലെന്നും അവർ പറഞ്ഞു.
ഡൽഹി സ്വദേശിയായ താൻ തമിഴ്നാട്ടിലെ പൊങ്കലിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആറ്റുകാൽ പൊങ്കാലയെ കുറിച്ച് അറിയില്ലായിരുന്നെന്ന് അദിപ ശർമ്മ പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയിട്ട് ആറു മാസമേ ആയുള്ളൂ. പൊങ്കാലയെ കുറിച്ച് കേട്ടറിഞ്ഞതിന്റെ ആവേശത്തിലാണ് ഇത്തവണ പൊങ്കാലയ്ക്കായി എത്തിയതെന്നും അവർ പറഞ്ഞു.
മലയാളികൾ ഓണം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ഒന്നാണ് ആറ്റുകാൽ പൊങ്കാലയെന്ന് മനസിലായതായും അവർ പറഞ്ഞു. അടുത്ത തവണയും പൊങ്കാലയ്ക്ക് എത്താൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവർക്കും നല്ലത് വരുത്തണേയെന്ന് പ്രാർത്ഥിച്ചാണ് പൊങ്കാലയിട്ടതെന്ന് നാലുപേരും പറഞ്ഞു.