
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സർക്കാരിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്താൻ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി മുഖ്യമന്ത്രി കമൽനാഥ്. ഇന്നലെ രാത്രി പത്തോടെ കമൽനാഥ് വിളിച്ചു ചേർത്ത അടിയന്തരയോഗത്തിൽ പങ്കെടുത്ത 20 മന്ത്രിമാർ രാജിസമർപ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം നിൽക്കുന്ന വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് കമൽനാഥിന്റെ നീക്കമെന്നാണ് സൂചന. 29 അംഗ മന്ത്രിസഭയിൽ യോഗത്തിൽ പങ്കെടുത്ത ഇരുപതുപേരാണ് രാജിസമർപ്പിച്ചിട്ടുള്ളത്. ഇതിനാൽ മുഖ്യമന്ത്രിക്ക് ഇനി മന്ത്രിസഭ പുനഃസംഘടിപ്പിക്കാം. സിന്ധ്യയുമായി അടുപ്പമുള്ള ആറ് മന്ത്രിമാരടക്കം 18 കോൺഗ്രസ് എം.എൽ.എമാർ പ്രത്യേകവിമാനത്തിൽ ബംഗളൂരുവിലെ അജ്ഞാതകേന്ദ്രത്തിലേക്ക് പറന്നതാണ് പുതിയസംഭവ വികാസങ്ങൾക്ക് കാരണം. സിന്ധ്യയെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് സൂചന. സിന്ധ്യ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നും വൈകാതെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിൽ വിലപേശലിനുള്ള കരുനീക്കമാണിതെന്നും വിലയിരുത്തലുകളുണ്ട്. മദ്ധ്യപ്രദേശിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ച സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ 23 എം.എൽ.എമാരുടെ പിന്തുണ മാത്രമേ സിന്ധ്യക്ക് ഉണ്ടായിരുന്നുള്ളു. ഇതോടെ മുതിർന്ന നേതാവ് കമൽനാഥ് മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയും സംസ്ഥാന കോൺഗ്രസിൽ ആധിപത്യം നിലനിറുത്തുകയും ചെയ്തു. അന്നു മുതൽ കമൽനാഥും സിന്ധ്യയും തമ്മിൽ സ്വരചേർച്ചയില്ലായിരുന്നു. കോൺഗ്രസുകാർ ഉൾപ്പെടെ 8 എം.എൽ.എമാരെ കഴിഞ്ഞയാഴ്ച ഗുരുഗ്രാമിലെ റിസോർട്ടിലേക്ക് കടത്തിയത് കമൽനാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ബി.ജെ.പിയാണ് ഇതിന് പിന്നിലെന്ന കോൺഗ്രസിന്റെ ആരോപണം പാർട്ടി നേതൃത്വം നിഷേധിച്ചിരുന്നു. കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗാണ് ഇവരെ തിരിച്ചെത്തിച്ചത്.അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ വസതിയിൽ സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ച നടത്തി. മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, നരേന്ദ്ര സിംഗ് തോമർ എം.പി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പാർട്ടി എം.എൽ.എമാരോട് ഭോപ്പാലിലെത്താൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.