പത്തനംതിട്ട: കൊറോണ ബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ നിരീക്ഷണത്തിനിൽ കഴിയവേ കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്തി. റാന്നിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഇയാളെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് വെച്ചൂച്ചിറ സ്വദേശിയായ യുവാവ് ആശുപത്രിയിൽ നിന്ന് മുങ്ങിയത്.
രക്ത പരിശോധന നടത്താൻ യുവാവ് വിസമ്മതിച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു. പത്തനംതിട്ടയിൽ രണ്ടുവയസുള്ള ഒരു കുട്ടിയെക്കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
അതേസമയം, കോഴിക്കോട് കക്കൂരിൽ കൊറോണയെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ ലംഘിച്ചാൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇറ്റലിയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്നു വയസുകാരന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ കേരളത്തിൽ രോഗബാധിതരുടെ എണ്ണം ആറായി.വിവിധ ജില്ലകളിൽ 1116 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 149 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 967 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.