
ചേലക്കര: വിവാഹ പരസ്യം നൽകി പണം തട്ടിയെടുത്ത യുവാവിനെ ചേലക്കര പൊലീസ് പിടികൂടി. തിരുവനന്തപുരം ചെമ്പഴന്തി പങ്കജം നിവാസിൽ വിഷ്ണുവാണ് (25) പിടിയിലായത്. സഹോദരൻ എന്ന പേരിൽ യുവതികളുടെ വിവാഹ പരസ്യം നൽകി തിരിച്ച് ബന്ധപ്പെടുന്നവരെ സൗന്ദര്യവതികളായ യുവതികളുടെ ഫോട്ടോകൾ കാണിച്ച് ആലോചനയുമായി മുന്നോട്ടു പോകും. സഹോദരി എന്ന നിലയിൽ വാട്‌സ് ആപ്പിലൂടെ യുവാക്കളുമായി ചാറ്റിംഗ് നടത്തി വശീകരിക്കും.
ഇതിനിടെ യുവതിക്ക് അപകടം ഉണ്ടായതായി അറിയിച്ച് പ്ലാസ്റ്ററിട്ട കാലുകളുടെ മാത്രം ഫോട്ടോ അയച്ചുകൊടുക്കും. ആശുപത്രി ചെലവിന് പണത്തിന് വിഷമമാണന്ന് അറിയിക്കുമ്പോൾ സൗന്ദര്യവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു നിൽക്കുന്ന യുവാക്കൾ യുവതിയുടെ ചികിത്സയ്ക്കായി പണം അയച്ചുകൊടുക്കും. ഈ രീതിയിലാണ് തട്ടിപ്പ് നടത്തിവരുന്നത്. പിന്നീട് ഫോൺ ബന്ധം അവസാനിപ്പിക്കും.
ഇത്തരത്തിൽ പല പ്രാവശ്യമായി ഒരു ലക്ഷത്തിൽപരം രൂപ നഷ്ടപ്പെട്ട ചേലക്കര സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്നാണ് ചേലക്കര സി.ഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് യുവാവിനെ പിടികൂടിയത്. കൂടുതൽ പേർ സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.