omni-van

പീച്ചി: കോലം എഴുന്നള്ളിക്കാൻ വന്ന ആന കുളിപ്പിക്കാൻ ഇറക്കിയ കനാലിൽ നിന്ന് കയറിയില്ല. പകരം പൊടിപ്പാറ ദേശത്തിന്റെ കോലം എഴുന്നള്ളിക്കാൻ അവസരം കിട്ടിയത് ഒമിനി വാനിന്. പീച്ചി തുണ്ടത്ത് ദുർഗാഭഗവതി ക്ഷേത്രത്തിലെ പുണർതം ഉത്സവത്തിന് പടിഞ്ഞാറേ പൊടിപ്പാറ ദേശമാണ് വാനിനെ നെറ്റിപ്പട്ടം അണിയിച്ച് മറ്റ് രണ്ട് ആനകൾക്കൊപ്പം അണിനിരത്തിയത്. ആനയ്ക്കുപകരം ഒമിനി വാൻ നെറ്റിപ്പട്ടം അണിഞ്ഞത് കാണികൾക്കിടയിൽ കൗതുകമുണ്ടാക്കി. സമൂഹ മാദ്ധ്യമങ്ങളിലും ടിക്ക് ടോക്കിലും വീഡിയോ പങ്കിട്ടതോടെ സംഭവം വൈറലായി.

പൊടിപ്പാറ ദേശത്തിനുവേണ്ടി എത്തിച്ച ആന കുളിക്കാനിറക്കിയ കനാലിൽ നിന്നും കയറാൻ വൈകിയതോടെ എഴുന്നള്ളിപ്പ് കുഴപ്പത്തിലായി. കുളിച്ച് കയറാൻ വൈകിയ ആനയെ എഴുന്നള്ളിക്കേണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ കമ്മിറ്റിക്കാർ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിലായി. വൈകിട്ട് മൂന്ന് മണിക്ക് നിശ്ചയിച്ചിരുന്ന പൂരം താമസിക്കാനും പാടില്ല,​ മൂന്ന് കോലങ്ങളും എഴുന്നള്ളിക്കുകയും വേണം എന്ന അവസ്ഥയിലാണ് ഒമിനി വാൻ നെറ്റിപ്പട്ടം അണിഞ്ഞത്.

പുതിയ ആനയെ എത്തിക്കുവാനുള്ള സമയക്കുറവ് കാരണം കമ്മിറ്റിക്കാരും പൊടിപ്പാറ ദേശക്കാരും ചേർന്നെടുത്ത തീരുമാനമാണിത്. വാനിന് മുന്നിൽ നെറ്റിപ്പട്ടം കെട്ടി കോലവുമായി ബാക്കി രണ്ട് ആനകളോടൊപ്പം എഴുന്നള്ളിപ്പ് തുടങ്ങി. വിലങ്ങൂർ വരെ മേളക്കാരുടെ അകമ്പടിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിന് മുന്നിലെത്തിയ ശേഷം വാനിലെത്തിച്ച കോലം ഇറക്കുകയായിരുന്നു.