ദുബായ്: കൊറോണ ഭീതിയിലാണ് രാജ്യമെങ്ങും. ഈ സാഹചര്യത്തിൽ പ്രവാസികളും വെട്ടിലായിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള യാത്രക്കാർ ബഹ്‌റിൻ വിമാനത്താവളത്തിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയവരാണ് ഇവർ. കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിൽ ബഹ്‌റിൻ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് യാത്രക്കാര്‍ കുടുങ്ങിയത്.
നെടുമ്പാശേരിയിൽനിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുമായി പുറപ്പെട്ട വിമാനം ബഹ്‌റിനിൽ ഇറക്കുകയായിരുന്നു. അവിടെനിന്ന് സൗദിയിലേക്ക് യാത്ര തുടരാൻകഴിയാതെ വന്നതോടെ നൂറ്റമ്പതിലേറെ മലയാളികൾ ബഹ്‌റിൻ വിമാനത്താവളത്തിൽ കുടുങ്ങി. ഏറെനേരത്തെ ശ്രമത്തിനുശേഷം രാത്രി മറ്റൊരുവിമാനത്തിൽ എല്ലാവരേയും നെടുമ്പാശേരിക്ക് തന്നെ തിരിച്ചയക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ആശങ്കയ്ക്ക് അവസാനമായത്. അബുദാബിയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയർവേസിന്റെ നാല് വിമാനങ്ങളിലെ യാത്രക്കാരും ഇതുപോലെ കുടുങ്ങി.
ഇത്തിഹാദ് നിത്യേന അബുദാബിയിൽ നിന്ന് ഏഴ് സർവീസുകളാണ് വിവിധ സൗദി നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നത്. സൗദിയുടെ വിലക്ക് അറിയാതെ പുറപ്പെട്ട നാല് വിമാനങ്ങളെ റിയാദിൽ ഇറക്കി സൗദി പൗരന്മാരെ മാത്രം പുറത്ത് കടക്കാൻ അനുവദിച്ചു. എല്ലാ വിമാനങ്ങൾക്കും ബാക്കി യാത്രക്കാരുമായി അബുദാബിയിലേക്ക് തിരിച്ചുപറക്കേണ്ടി വന്നു.
അതേസമയം, കൊറോണ ഭീതിയിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്ന് വിദേശയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗുകൾ വ്യാപകമായി റദ്ദായി. ട്രാവൽ ഏജൻസികളിൽ പുതിയ ബുക്കിംഗ് വളരെ കുറഞ്ഞു. 40 ലക്ഷം മലയാളികളാണ് പ്രവാസികളായി കഴിയുന്നതെന്നാണ് കണക്ക്. പത്തനംതിട്ടയിൽ 1.50 ലക്ഷവും കോട്ടയത്ത് രണ്ടുലക്ഷവും പ്രവാസികളുണ്ടെന്നാണ് കണക്ക്. ഗൾഫിലുള്ളവർ കൊറോണയെ ആശങ്കയോടെയാണ് കാണുന്നതെന്നും നാട്ടിൽ വന്നവർക്ക് ജോലി നഷ്ടമാകുമോ എന്ന ആശങ്കയുമുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഗൾഫ് രാജ്യങ്ങൾ എണ്ണയുടെ വിലയിടിവുമൂലമുള്ള സാമ്പത്തിക മാന്ദ്യത്തിലാണ്. വിദേശികളെ അവർ ഒഴിവാക്കുമോ എന്ന പേടി നാട്ടിൽ വന്നവർക്കുണ്ട്.