ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കളായ കമൽനാഥും, ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മദ്ധ്യപ്രദേശ് സർക്കാരിനെയും കോൺഗ്രസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
17 എം.എല്‍.എ.മാരുമായി ബംഗളൂരുവിലേക്ക് കടന്ന ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാൻ പാർട്ടി നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. തങ്ങൾ സിന്ധ്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പന്നിപ്പനിയാണെന്നാണ് അറിയാൻ സാധിച്ചതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് നൽകുന്ന വിശദീകരണം. ധർമ ബോധമുള്ളവർ പാർട്ടിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിന്ധ്യയ്ക്കും കൂട്ടർക്കും ബി.ജെ.പിയിൽ ചേരാമെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതായും ബിജെപിയിൽ പ്രവേശനം ഉറപ്പാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്.മുഖ്യമന്ത്രി കമൽനാഥും- ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോര് മദ്ധ്യപ്രദേശ് സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. ഇന്നലെ ഡൽഹിയിലെത്തിയ കമൽനാഥ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചിരുന്നു.
2018ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ സിന്ധ്യയുടെ ചെറുതല്ലാത്ത സംഭാവനയുണ്ട്. എന്നിട്ടും, 23 എം.എൽ.എമാരുടെ മാത്രം പിന്തുണയുള്ളതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കമൽനാഥ് സംസ്ഥാനത്തെ കോൺഗ്രസ് ഘടകത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതോടെ, സിന്ധ്യയുമായി തുറന്ന പോരായി.