jyothiraditya-sidhya

ന്യൂഡൽഹി: കോൺഗ്രസിന്റെ തീപ്പൊരി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് സൂചന. സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുന്നു. ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. സിന്ധ്യയുടെ ഈ നീക്കത്തെ ആശങ്കയോടെയാണ് കോൺഗ്രസ് വീക്ഷിക്കുന്നത്. കെ.സി വേണുഗോപാൽ സോണിയാഗാന്ധിയുമായി ഇപ്പോൾ കൂടിക്കാഴ്ച നടത്തുകയാണ്.

പ്രശ്നം രമ്യമായി പരിഹരിക്കാൻ രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒന്നുകിൽ തനിക്കു സീറ്റ് നൽകണം, അല്ലെങ്കിൽ മദ്ധ്യപ്രദേശ് ഘടകത്തിന്റെ അദ്ധ്യക്ഷനാക്കണമെന്നാണ് സിന്ധ്യ കോൺഗ്രസിന് മുന്നിൽ വച്ചിരുന്ന നിബന്ധന. സിന്ധ്യയ്ക്കൊപ്പം മന്ത്രിമാരുൾപ്പെടെയുള്ള 17 എം.എൽ.എമാരാണ് പോയിരിക്കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധപ്പെടാൻ പാർട്ടി നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് മുഖം നൽകാൻ സിന്ധ്യ തയ്യാറായിരുന്നില്ല. പന്നിപ്പനിയാണെന്നായിരുന്നു കോൺഗ്രസ് നേതാക്കൾക്ക് കിട്ടിയ മറുപടി. ധർമ ബോധമുള്ളവർ പാർട്ടിയിൽ തുടരുമെന്ന് നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പ്രതികരിച്ചിരുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ സിന്ധ്യയ്ക്കുള്ള പങ്ക് ചെറുതല്ല. മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടിരുന്നെങ്കിലും, 23 എം.എൽ.എമാരുടെ മാത്രം പിന്തുണയുള്ളതിനാൽ സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രി കസേര കമൽനാഥിന് കൊടുക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം ചെയ്തത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കമൽനാഥ് സംസ്ഥാനത്തെ കോൺഗ്രസ് ഘടകത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തതോടെ, സിന്ധ്യയുമായി തുറന്നപോരായി മാറുകയായിരുന്നു.