corona-virus

വാരാണസി: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിഗ്രഹങ്ങൾക്കും മാസ്ക് ധരിപ്പിച്ച് പൂജാരി. വാരാണസിയിലാണ് സംഭവം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയ്ക്കാണ് മാസ്‌ക് ധരിപ്പിച്ചിരിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി ക്ഷേത്രത്തിലെ പൂജാരി കൃഷ്ണാനന്ദ് പാണ്ഡെ രംഗത്തെത്തി.

‘കൊറോണ വൈറസ് രാജ്യത്തുടനീളം വ്യാപിച്ചു. വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് വിഗ്രഹത്തിലും മാസ്ക് ധരിപ്പിച്ചത്. തണുപ്പുള്ളപ്പോൾ വിഗ്രഹങ്ങളിൽ വസ്ത്രം ധരിപ്പിക്കുന്നതും ചൂടുള്ള സമയത്ത് എസിയോ ഫാനോ ഇടുന്നതുപോലെയാണ് മാസ്കുകളും ധരിപ്പിച്ചത് – കൃഷ്ണ ആനന്ദ് പാണ്ഡെ പറഞ്ഞു.

വൈറസ് പടരാതിരിക്കാൻ വിഗ്രഹങ്ങളിൽ തൊടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആളുകൾ വിഗ്രഹത്തിൽ സ്പർശിച്ചാൽ വൈറസ് പടരുകയും കൂടുതൽ ആളുകൾക്ക് രോഗം വരുകയും ചെയ്യും. ഇതുവഴി കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാന്‍ സാദ്ധ്യതയുള്ളതിനാലാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരികള്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തതും മാസ്‌ക് ധരിച്ചാണ്.