1. കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹര്യത്തില്‍ കൊവിഡ് 19നെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മാര്‍ച്ചിലെ സര്‍ക്കാരിന്റെ എല്ലാ പൊതു പരിപാടികളും റദ്ദാക്കും. ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ക്ക് അവധി നല്‍കി. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. അങ്കണവാടികള്‍ക്കും അവധി ബാധകം ആണ്. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കും മാറ്റമില്ല. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം അല്‍പസമയത്തിന് അകം. മുഖ്യമന്ത്രി ഡി.എം.ഒമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും
2. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 1,116 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും വന്നവരുമായി വളരെ അടുത്ത ബന്ധമുള്ള 95 പേരെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിരീക്ഷണത്തിലുള്ള 1,116 പേരില്‍ 149 പേര്‍ ആശുപത്രിയിലും 967 പേര്‍ വീടുകളിലും ആയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നിലവില്‍ രോഗം സ്ഥിരീകരിച്ച ആറുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. സ്‌കൂളുകളിലെ വാര്‍ഷിക ആഘോഷങ്ങള്‍, വിനോദ യാത്രകള്‍ എന്നിവയ്ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി കൊല്ലം ജില്ലാ കളക്ടര്‍.
3. കൊവിഡ് 19 ബോധ വത്കരണത്തിന് ആയി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി ആശ്രയിക്കും എന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ഇറ്റലി ഉള്‍പ്പെടെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ സ്വമേധയാ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചില്ലെങ്കില്‍ കേസെടുക്കും എന്നും അറിയിച്ചിട്ടുണ്ട്. കൊവിഡ് 19 സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ നിയമ നടപടികള്‍ ഉണ്ടാകും. അതിനിടെ, ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ ഗാസിയാബാദില്‍ എത്തിച്ചു. ഇറാനില്‍ കുടുങ്ങിയ കൂടുതല്‍ ആളുകളെ ഉടന്‍ തിരിച്ചെത്തിക്കും എന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. ഇവര്‍ക്ക് കൊവിഡ് ബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇറാനില്‍ പോയവരെ ആണ് തിരിച്ചെത്തിച്ചത്. മത്സ്യ തൊഴിലാളികള്‍ അടക്കം നിരവധി പേരാണ് ഇറാനില്‍ കുടുങ്ങി കിടക്കുന്നത്
4. മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കെ, കമല്‍നാഥ് സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിയാണ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ കണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. അതോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു
5. ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ കോണ്‍ഗ്രസ് നേതാക്കളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി തന്നെ അവഗണിച്ചു എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ബി.ജെ.പിയിലേക്കുള്ള സിന്ധ്യയുടെ കൂടുമാറ്റത്തെ പ്രധാനമന്ത്രി പിന്തുണച്ചത് ആയാണ് സൂചന. മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുന്നതാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കം. ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 18 എം.എല്‍.എമാര്‍ അജ്ഞാത കേന്ദ്രത്തിലാണ്. ഇത് കമല്‍നാഥ് സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്
6. കിഫ്ബിയിലൂടെ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ബോധവത്കരണ പരിപാടിയുടെയും വികസന പ്രദര്‍ശനത്തിന്റെയും ആലപ്പുഴ ജില്ലാ പതിപ്പിന്റെ മൂന്നാം ദിവസമായ ഇന്ന് വിവിധ വികസന പദ്ധതികളുടെ പ്രദര്‍ശനം രാവിലെ ആരംഭിച്ചു. ഇ.എം.എസ് ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശന പരിപാടിയില്‍ കിഫ്ബിയുടെ ആരോഗ്യ , വിദ്യാഭ്യാസ പദ്ധതികള്‍ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ പങ്കെടുക്കുന്ന സംവാദം ഉച്ചയ്ക്ക് രണ്ട് മണിവരെ തുടരും. മാദ്ധ്യമ വേദിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉപന്യാസ രചനാ മത്സരവും പുരോഗമിക്കുക ആണ്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആയി ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ് അവതരിപ്പിക്കുന്ന പ്രശ്‌നോത്തരി നടക്കും
7. കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി നിലയില്‍ കണ്ടെത്തി. കാരമൂലയില്‍ നൂറിലധികം വവ്വാലുകള്‍ ആണ് ചത്തത്. കാക്കകളും ദേശാടന കിളികളും ചത്ത് വീഴുന്നുണ്ട്. സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കയില്‍ ആണ് നാട്ടുകാര്‍. പക്ഷിപനിയുടെ സാഹചര്യത്തില്‍ രൂപീകരിച്ച പ്രത്യേക സംഘവും സ്ഥലത്ത് എത്തും. വളര്‍ത്തു പക്ഷികളെ കൊന്ന് കത്തിച്ച് കളയുന്ന പ്രക്രിയ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ കണക്ക് കൂട്ടല്‍. രണ്ടു ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 3760 പക്ഷികളെ ആണ് കൊന്നൊടുക്കിയത്. നിലവില്‍ 25 ദ്രുതകര്‍മ സേനകളാണ് പക്ഷികളെ കൊന്നൊടുക്കുന്നതിനും സംസ്‌കരിക്കുന്നതിനും നേതൃത്വം നല്‍കുന്നത്.
8. 7000 പക്ഷികളെ കൊന്ന് ഒടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഉള്ള ടീമിനെ കൊണ്ട് ഒരാഴ്ചയ്ക്ക് ഉള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാം എന്നാണ് പ്രതീക്ഷ. അതേസമയം മാവൂര്‍ ഭാഗത്ത് നിന്ന് പക്ഷിപ്പനി സംശയത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും എന്നാണ് പ്രതീക്ഷ. അതിനിടെ, കോഴിക്കോട് പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയില്‍ ആണ്. പലരും കോഴികള്‍ അടക്കം ഉള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാന്‍ സാധ്യതകള്‍ ഏറെയായി. വിലകൂടിയ അലങ്കാര പക്ഷികളെ വീട്ടില്‍ നിന്ന് മാറ്റിയവരും ഉണ്ട്. വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിലവില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനമുണ്ട്. ഇതോടെ പ്രദേശത്തിന് പുറത്തുള്ള കച്ചവടക്കാര്‍ക്ക് കോഴി കുറഞ്ഞ നിരക്കില്‍ വിറ്റുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.