red-mi

ന്യൂഡൽഹി: ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ മൊബൈൽ ഫോൺ ബ്രാന്റാണ് ഷഓമി. ചൈന കേന്ദ്രീകരിച്ചാണ് ഷഓമി പ്രവർത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ ഷഓമി മൊബൈൽ ഫോൺ നിർമ്മിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട പല ഭാഗങ്ങളും എത്തുന്നത് ചൈനയിൽ നിന്നാണ്. കോവിഡ്-19 വ്യാപകമായി ചൈനയിൽ നാശനഷ്ടമുണ്ടാക്കിയപ്പോൾ മൊബൈലിന്റെ ലഭ്യത വിപണിയിൽ കുറയുമെന്ന് അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഷഓമിയുടെ വിപണിയിൽ ഈ സമയത്ത് വമ്പൻ മുന്നേറ്റമാണുണ്ടാക്കിയത്.

ഷഓമിയുടെ പുതിയ റെഡ്മി സീരീസ് സ്മാർട്ട്ഫോണുകളായ നോട്ട് 9,​ നോട്ട് 9 പ്രോ,​ നോട്ട് 9 പ്രോ മാക്സ് എന്നിവ മാർച്ച് 12ന് പുറത്തിറങ്ങും. കൊറോണ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഡൽഹിയിൽ നടക്കാനിരുന്ന ഓൺഗ്രൗണ്ട് ഇവന്റ് വഴി പുതിയ ഫോണുകൾ പരിചയപ്പെടുത്താനിരുന്നത് റദ്ദാക്കി. പക്ഷെ ഫോണുകൾ നിശ്ചയിച്ചിരുന്ന പ്രകാരം 12ന് തന്നെ വിപണിയിലെത്തും. ഓൺലൈൻ വഴിയാകും ഫോണുകൾ ലോഞ്ച് ചെയ്യുന്നതെന്ന് ഷഓമി ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനു കുമാർ ജെയിൻ വ്യക്തമാക്കി.

ഷഓമിയുടെ നോട്ട് 9 സീരീസ് ഫോണുകളെ വരവേൽക്കാൻ കാത്തുനിൽക്കുകയാണ് മൊബയിൽ ലോകവും റെഡ്മി പ്രേമികളും. വ്യത്യസ്തമായ രീതിയിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ നോട്ട് 9 സീരീസ് ഫോണുകൾ രംഗത്തെത്തുക. 108 മെഗാപിക്സൽ ക്യാമറയുള്ള ഫോണുകളെ രംഗത്തിറക്കുമെന്ന് ഷഓമി നേരത്തെ അറിയിച്ചിരുന്നു. വിദഗ്ദരുടെ അഭിപ്രായം കണക്കിലെടുത്താൽ നോട്ട് 9 പ്രോ മാക്സിൽ 108 എം.പി ക്യാമറയുണ്ടാകാനുള്ള സാധ്യതയുണ്ട്. സ്നാപ്ഡ്രാഗൺ 720 ജി യാണ് നോട്ട് 9ന്റെ പ്രോസസർ. മീഡിയടെക്ക് ഡൈമൻസിറ്റി 800 ആകും നോട്ട് 9 പ്രോയുടെ പ്രോസസർ. നോട്ട് 9 പ്രോ മാക്സിന്റെ പ്രോസസറിനെക്കുറിച്ച് വെളിപ്പെടുത്തലുകളൊന്നും പുറത്തുവന്നിട്ടില്ല. നോട്ട് 9 സീരീസിലെ എല്ലാ ഫോണുകളിലും ഇസ്റോ വികസിപ്പിച്ചെടുത്ത നാവിക് നാവിഗേഷൻ സിസ്റ്റം ഉണ്ടാകും.

റെഡ്മി 9 പ്രോയിൽ ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. താഴേക്ക് നിരനിരയായി ക്യാമറ രൂപകൽപ്പന ചെയ്തിരിക്കുന്നതിന് പകരം ചതുരാകൃതിയിലുള്ള ക്യാമറ ബേസ് ആകും റെഡ്മി നോട്ട് 9 ൽ സജീകരിച്ചിരിക്കുക. ഫോണുകളുടെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ ഷഓമി പുറത്തുവിട്ടിട്ടില്ല.