എങ്ങനെ?
കൊറോണ (കൊവിഡ് 19) വൈറസ് ബാധയുള്ള വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തു വരുന്ന ഉമിനീരിന്റെയും മൂക്കിൽ നിന്നുള്ള സ്രവങ്ങളുടെയും ചെറുതുള്ളികളിലൂടെയാണ് വൈറസ് പുറത്തുവരുന്നത്. ഇവ നേരിട്ട് ശ്വസിക്കുന്നതു വഴിയും, ഈ വൈറസ് പറ്റിപ്പിടിച്ചിരുന്ന പ്രതലങ്ങളിലോ വസ്തുക്കളിലോ സ്പർശിക്കുന്നതു വഴിയും വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തും. അണുബാധയുള്ള വസ്തുക്കളിലോ പ്രതലത്തിലോ സ്പർശിച്ചതിനു ശേഷം ആ വിരലുകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ് എന്നീ അവയവങ്ങളിൽ സ്പർശിക്കുന്നത് വൈറസ് ഉള്ളിൽ കടക്കാൻ വഴിയൊരുക്കും.അതുകൊണ്ടാണ് കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്‌ക്കിടെ കഴുകി വൃത്തിയാക്കണമെന്നു പറയുന്നത്.
എപ്പോൾ?
കൊറോണ വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ സാധാരണഗതിയിൽ അഞ്ചു ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ, ചിലരിൽ രണ്ടു ദിവസത്തിനകം അസ്വസ്ഥതകൾ കണ്ടുതുടങ്ങും. ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ 14 ദിവസം വരെ വേണ്ടിവന്ന കേസുകളുമുണ്ട്.
എന്തുകൊണ്ട്?
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്കും മറ്റും സർക്കാർ അവധി പ്രഖ്യാപിച്ചത് കുട്ടികൾക്ക് ഒരുമിച്ച് രോഗബാധയേല്ക്കാതിരിക്കട്ടെ എന്നു കരുതി മാത്രമല്ല. ചെറുപ്പത്തിൽ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും എന്നതിനാൽ കുട്ടികളിൽ വൈറസ് ബാധയുണ്ടായാലും അവരിൽ ഇത് രോഗകാരണമാകണമെന്നില്ല. ലക്ഷണങ്ങളും ഉണ്ടാകില്ല. അതേസമയം, ഇവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന സ്രവങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടരാം.
എത്ര കാലം?
കൊറോണ വൈറസ് അന്തരീക്ഷത്തിൽ എത്ര സമയം ജീവനോടെയുണ്ടാകും എന്നതിന് കൃത്യമായ കണക്കുകൾ ലഭ്യമല്ല. മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ ഇവ സജീവമായി തുടർന്നേക്കാം. വൈറസ് പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലത്തിന്റെ സ്വഭാവവും കാലാവസ്ഥയും മറ്റും അനുസരിച്ച് ഈ കാലയളവ് വ്യത്യാസപ്പെടും. ഉയർന്ന ഊഷ്മാവിൽ കൊറോണ വൈറസ് ജീവിച്ചിരിക്കില്ല എന്നു കരുതുന്നത് ശരിയല്ല. ഇപ്പോൾ കൊറോണ വ്യാപനം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന പത്തനംതിട്ട ജില്ല, കേരളത്തിലെ ചൂടു കൂടിയ മേഖലകളിലൊന്നാണ്.
മരുന്നില്ലെന്ന്
മറക്കരുത്
കൊറോണയ്ക്ക് നിലവിൽ പ്രതിരോധ കുത്തിവയ്പോ, രോഗബാധയുള്ളവരുടെ ചികിത്സയ്ക്കായി ഫലപ്രദമായ മരുന്നുകളോ ലഭ്യമല്ല. നേരത്തെ സാർസ് രോഗം പടർന്നുപിടിച്ച വേളയിൽ പ്രതിരോധ കുത്തിവയ്‌പ് വികസിപ്പിച്ചെടുക്കാൻ ശാസ്ത്രജ്ഞർ ശ്രമിച്ചിരുന്നെങ്കിലും വാക്സിനുകളുടെ ക്രിനിക്കൽ ട്രയൽ ഘട്ടമെത്തുമ്പോഴേക്കും രോഗം അടങ്ങി. ഇപ്പോൾ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ഉള്ളവർക്ക് പനി നിയന്ത്രണവിധേയമാക്കാനും ശരീരത്തിന്റെ പ്രതിരോധശക്തി കുറയാതെ സൂക്ഷിക്കാനുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗം ഗുരുതരാവസ്ഥയിലായാൽ കൃത്രിമശ്വാസം നൽകേണ്ടിവരും. വൈറസ് ബാധയുള്ള സമയത്ത് മറ്റേതെങ്കിലും തരത്തിലുള്ള അണുബാധ ഏല്ക്കുന്നത് സ്ഥിതിഗതികൾ വഷളാക്കും.