തിരുവനന്തപുരം: പി.ആർ.എസ് എന്ന വാക്കുകേൾക്കുമ്പോൾ തന്നെ നെൽ കർഷകരുടെ ചങ്കിടിപ്പ് കൂടും. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്നതു പോലെയാണ് അവസ്ഥ. പ്രളയകാലത്ത് കഷ്ടത്തിലായ നെൽ കർഷകരെ സഹായിക്കാൻ നെല്ലിന്റെ താങ്ങ് വില കയ്യോടെ നൽകി നെല്ല് ശേഖരിക്കുവാൻ സർക്കാർ കൊണ്ടുവന്ന സേവന ഉപാധിയാണ് പാഡി റെസീപ്റ്റ് സ്കീം(പി.ആർ.എസ്). സർക്കാർ കുടിശിക നൽകാത്തതിനാൽ കർഷകരെ ബാങ്കുകൾ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്.
കർഷകർക്ക് കഴിഞ്ഞ വർഷം വിറ്റ നെല്ലിന്റെ കാശ് പി.ആർ.എസ് വഴി കിട്ടിയെങ്കിലും സിവിൽ സപ്ളൈസ് വകുപ്പ് ബാധ്യത ബാങ്കുകൾക്ക് നൽകിയില്ല. അതോടെ പി.ആർ.എസ് ഈട് വച്ച് കാശ് കിട്ടിയ നെൽ കർഷകർ ജപ്തി ഭീഷണിയിലായി. കർഷകരെ ദേശസാൽകൃത ബാങ്കുകൾ തുടർന്നങ്ങോട്ട് ഒരു വായ്പയും ലഭിക്കാത്ത തരത്തിൽ കരിമ്പട്ടിതയിൽ ഉൾപ്പെടുത്തി. ഇത്തവണത്തെ കൃഷിയിറക്കാൻ കർഷകന് നെൽ വിത്ത് വാങ്ങാനോ വളം വാങ്ങാനോ വായ്പ ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. എന്തിനധികം പറയുന്നു കർഷകരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പ പോലും ലഭിക്കാത്ത അവസ്ഥയാണ്.
2017ൽ സംസ്ഥാന സർക്കാർ പി.ആർ.എസ് സംവിധാനം തുടങ്ങിയത് തന്നെ കർഷകന് നെല്ലിന്റെ ന്യായമായ വില ലഭിക്കാനായിരുന്നു. നെല്ല് സംഭരിക്കുന്ന സപ്ളെകോ ചുമതലപ്പെടുത്തിയ അരിമില്ലുകൾ വാങ്ങുന്ന നെല്ലിന്റെ വിലക്ക് പാഡി ഓഫീസറുടെ മേൽനോട്ടത്തിൽ പാഡി റെസീപ്റ്റ് ഷീറ്റ് നൽകുകയും അത് കർഷകൻ ബാങ്കിൽ നൽകി തുക കൈപ്പറ്രുകയുമായിരുന്നു രീതി. ഇങ്ങനെ കൃത്യമായി കാശ് കിട്ടിയ കർഷകനാണ് പിന്നീട് കരിമ്പട്ടികയിൽ പെട്ട് പോയത്. ബാങ്കുകൾക്ക് തിരച്ചടക്കേണ്ട തുക സർക്കാർ നൽകാത്തതിനെ തുടർന്ന് കർഷന് ബാധ്യതയായി. അതോടെ കഴിഞ്ഞ വർഷം മുതൽ പി.ആർ.എസുമായി വരുന്ന കർഷകന് ബാങ്കുകൾ കാശ് നൽകാതെയായി. ഇങ്ങനെ കുട്ടനാടും പാലക്കാടും മറ്റുമായി വിറ്റ നെല്ലിന്റെ കാശുകിട്ടാത്ത നിരവധി കർഷകരുണ്ട്.
നെല്ലിന്റെ താങ്ങുവിലയായി പ്രഖ്യാപിച്ച വിഹിതം കേന്ദ്രം നൽകാതായതോടെയാണ് കുടിശികയായതെന്ന് സപ്ളൈകോ പറയുന്നു. 2019ൽ പകുതി വരെ മാത്രം 1.82 ലക്ഷം ടൺ നെല്ലാണ് ഇങ്ങനെ കർഷകരിൽ നിന്ന് ശേഖരിച്ചത്. ഇതിന്റെ വിലയായ 462 കോടി രൂപയിൽ 321 കോടി രൂപമാത്രമാണ് സപ്ളൈകോ തിരിച്ചടച്ചത്. കഴിഞ്ഞ വർഷം ഒരു കിലോ നെല്ലിന് 25.34 രൂപയാണ് സപ്ളൈകോ കർഷകന് നൽകിയത്. 17.5 രൂപ മിനിമം താങ്ങുവിലയും 7.8 രൂപ സംസ്ഥാന സർക്കാറിന്റെ ഇൻസെന്റീവ് ബോണസുമായിരുന്നു.
കർഷകർ കരിമ്പട്ടികയിൽ പെട്ട കാര്യം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പ്രതികരിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമനോടൊപ്പം കഴിഞ്ഞയാഴ്ച അടിയന്തര ബാങ്കേഴ്സ് സമിതി യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തു. യോഗത്തിൽ ബാങ്കുകൾക്ക് തിരച്ചടക്കേണ്ട തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. നെൽ കർഷകരെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും അവർക്ക് വായ്പ നിഷേധിക്കരുതെന്നും ബാങ്ക് മേധാവികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പി.ആർ.എസ് പ്രകാരം ഏതെങ്കിലും കർഷകന് കാശ് ലഭിക്കാനുണ്ടെങ്കിൽ അടിയന്തിരമായി ബാങ്കുകളെ ബന്ധപ്പെടാനും സർക്കാർ അറിയിച്ചു.