ന്യൂഡൽഹി:മദ്ധ്യപ്രദേശിൽ കോൺഗ്രസിന് വൻപ്രഹരം ഏൽപ്പിച്ച് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുയായികൾക്കൊപ്പം ചാക്കിലാക്കി ബി. ജെ. പി പയറ്റിയ 'ഓപ്പറേഷൻ കമല' കമൽനാഥ് സർക്കാരിന്റെ തകർച്ച ഉറപ്പാക്കി. സിന്ധ്യയ്‌ക്കൊപ്പം
22 കോൺഗ്രസ് എം. എൽ.എമാരും ബി. ജെ. പി പാളയത്തിൽ എത്തിയെന്നാണ് അറിയുന്നത്. ഇതോടെ 15 മാസം മുമ്പ് അധികാരമേറ്റ കമൽനാഥ് സർക്കാരിന് 230 അംഗ നിയമസഭയിൽ ഭൂരിപക്ഷം നഷ്‌ടമായി. മുൻമുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബി. ജെ. പിക്ക് അധികാരത്തിലേറാൻ വീണ്ടും കളമൊരുങ്ങി.
ഇന്നലെ രാവിലെ കോൺഗ്രസിൽ നിന്ന് രാജിവച്ച സിന്ധ്യ വൈകിട്ട് ബി.ജെ.പിയിൽ ചേർന്നു. രാജിക്ക് പിന്നാലെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്
അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്തിൽ തനിക്ക് ഒരു പുതിയ തുടക്കമാണെന്ന് സിന്ധ്യ പറഞ്ഞു..
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ട ശേഷമാണ് സിന്ധ്യ കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. സിന്ധ്യയ്‌ക്ക് ബി.ജെ.പി മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്വവും കേന്ദ്ര മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്.
രാജിക്ക് പിന്നാലെ, ബംഗളുരുവിലെ റിസോർട്ടിലേക്ക് മാറ്റിയിട്ടുള്ള സിന്ധ്യപക്ഷക്കാരായ 17 പേർ ഉൾപ്പെടെ 19 എം.എൽ.എമാരും ഗവർണർക്ക് രാജിക്കത്തയച്ചു. ഇവരിൽ ആറ് മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രി കമൽനാഥ് ഗവർണർക്ക് ശുപാർശ നൽകി.
വിമതരുടെ രാജിയോടെ 114 എം. എൽ. എമാരുണ്ടായിരുന്ന കോൺഗ്രസിന്റെ അംഗബലം 95 ആയി കുറഞ്ഞു.
ഇന്നലെ വൈകിട്ട് കൂടിയ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ 92 എം. എൽ. എമാരേ പങ്കെടുത്തുള്ളൂ.
മൂന്ന് പേർ കൂടി രാജിവച്ചേക്കുമെന്നതിന്റെ സൂചനയാണിത്
സർക്കാരിന് പിന്തുണ നൽകിയിരുന്ന ബി. എസ്. പി, സമാജ്‌വാദി പാർട്ടികളുടെ ഓരോ എം. എൽ. എമാർ ഇന്നലെ ബി. ജെ. പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനെ കണ്ടതും കൂറുമാറ്റത്തിന്റെ സൂചനയാകാം.
ബി. എസ്. പിയും ( 2) സമാജ്‌വാദി പാർട്ടിയും (1) സ്വതന്ത്രരും (3) ഉൾപ്പെടെ സർക്കാരിന് 120 പേരുടെ പിന്തുണയുണ്ടായിരുന്നു.
ബി. ജെ. പിയുടെ സാദ്ധ്യത
സഭയിലെ മൊത്തം അംഗബലം 230
രണ്ട് അംഗങ്ങൾ മരിച്ചതും ഒരാളെ സസ്പെൻഡ് ചെയ്തതും കണക്കാക്കുമ്പോൾ അംഗബലം 227
22 കോൺഗ്രസ് വിമതർ രാജിവച്ചതോടെ അംഗബലം 205
ഇതിൽ കേവലഭൂരിപക്ഷം 103
ബി. ജെ. പിക്ക് 107അംഗങ്ങൾ
എം.എൽ.എമാരെ മാറ്റിയതു മുതൽ അനുരഞ്ജനത്തിനായി കോൺഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും സിന്ധ്യ ചർച്ചയ്‌ക്ക് തയ്യാറായില്ല. പി.സി.സി അദ്ധ്യക്ഷ സ്ഥാനം നൽകാൻ കമൽനാഥ് സമ്മതിച്ചെങ്കിലും സിന്ധ്യ അതിനും വഴങ്ങിയില്ല. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു. അതും ഫലം കണ്ടില്ല.
പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്. 2012 മുതൽ 2014 വരെ മൻമോഹൻ സിംഗ് സർക്കാരിൽ ഊർജ്ജ മന്ത്രി ആയിരുന്നിട്ടുണ്ട്.