corona-virus

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് മാസ പൂജയ്ക്കായി ഭക്തജനങ്ങള്‍ എത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ദേവസ്വം ബോര്‍ഡ്. മാസപൂജയ്ക്കായി ശബരിമലയിലേക്ക് വരുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു വ്യക്തമാക്കി.

ശബരിമലയിലെ അപ്പം അരവണ കൗണ്ടറുകൾ അടച്ചിടും. ഭക്തരെത്തിയാൽ തടയാനൊന്നും തീരുമാനം ഇല്ല. പക്ഷെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭക്തര്‍ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റ അഭ്യര്‍ത്ഥന. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആൾക്കൂട്ടം എത്തുന്ന പരിപാടികൾ ഒഴിവാക്കും. കലാപരിപാടികളും റദ്ദാക്കും. വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സന്ദര്‍ഭമാണിതെന്നും അതിനാല്‍ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇങ്ങനെയൊരു തീരുമാനം മാത്രമേ കൈകൊള്ളനാകുവെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം,​ കൊറോണ നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാൻ ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തും. വീടുകളിൽ കഴിയുന്നവരെ ജി.പി.എസ് സംവിധാനത്തിലൂടെ നിരീക്ഷിക്കും. പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് വീടുകളിൽ കഴിയുന്നവരെ ലൊക്കേഷൻ നിരീക്ഷിച്ച് വീടുകൾക്ക് പുറത്തിറങ്ങുന്നതടക്കം നിരീക്ഷിക്കും.

സംസ്ഥാന സർക്കാർ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഡ്രെെവിംഗ് ലേണേഴ്സ് ടെസ്റ്റുകൾ ഒരാഴ്ചത്തേക്ക് നിറുത്തിവച്ചു. പുതുതായി ആറുപേർക്കുകൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചതോടെയാണ് കർശന നടപടികളുമായി സർക്കാർ രംഗത്തെത്തിയത്. ഏഴാം ക്ലാസുവരെ പരീക്ഷ നടത്തില്ല. സി.ബി.എസ്​.ഇ ഉൾപ്പെടെ എല്ലാ സ്​കൂളുകൾക്കും കോളജ്​, മദ്രസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, തിയേറ്റർ എന്നിവ മാർച്ച്​ 31 വരെ അടച്ചിടും. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ കൂടിച്ചേരലിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.