ലീഡ്
..........
മ്യൂട്ടേഷൻ അഥവാ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ആയാലും അല്ലെങ്കിലും പ്രതിരോധ മാർഗങ്ങളിൽ വ്യത്യാസമില്ല
ഡോ: എസ്.എസ്. ലാൽ
പൊതുജനാരോഗ്യ വിദഗ്ധൻ, വാഷിംഗ്ടൺ ഡി സി
കൊറോണ വൈറസിന് മ്യൂട്ടേഷൻ അഥവാ ജനിതക വ്യതിയാനം സംഭവിച്ചോ എന്ന ചർച്ച ശാസ്ത്രലോകത്ത് തുടരുകയാണ്. ഇത്തരം ചർച്ചകളുടെ ചില ഭാഗങ്ങൾ മാദ്ധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കും കിട്ടുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്ക് ആക്രമണശേഷി കൂടുതലായിരിക്കുമെന്നതു കൊണ്ടുതന്നെ അത്തരം കാര്യങ്ങൾ ജനങ്ങളിൽ ഭീതി പടർത്തുന്നുമുണ്ട്. മ്യൂട്ടേഷൻ എന്നാൽ എന്താണ്, പുതിയ കൊറോണ വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചോ എന്നൊക്കെ പറയുന്നതിനു മുമ്പ് ഒരു കാര്യം പറയാം. മ്യൂട്ടേഷൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊറോണ വൈറസ് രോഗം ബാധിക്കാതിരിക്കാനും അത് കൂടുതൽ പടരാതിരിക്കാനും സ്വീകരിക്കേണ്ട മാർഗങ്ങളിൽ വ്യത്യാസമില്ല. ഇപ്പോൾ ശ്രദ്ധിക്കേണ്ടത് അത്തരം കാര്യങ്ങളിലാണ്.
വളരെ സൂക്ഷ്മമായ വൈറസിന് അകത്തുണ്ടാകുന്ന ജനിതക മാറ്റമാണ് മ്യൂട്ടേഷൻ. ഈ ജനിതക മാറ്റങ്ങൾ വൈറസുകൾക്ക് സാധാരണയായി സംഭവിക്കുന്നതാണ്. രോഗകാരിയായ വൈറസിന് ജനിതക മാറ്റം സംഭവിച്ചാൽ പുതിയ വൈറസ് മൂലവും രോഗം ഉണ്ടായിക്കൊണ്ടിരിക്കാം.
ലോകമെങ്ങും നിരന്തരം പടരുന്ന ഫ്‌ളൂ വൈറസിനും നിരന്തരം മ്യൂട്ടേഷൻ സംഭവിക്കാറുണ്ട്. അതിനാലാണ് ഫ്‌ളൂ വൈറസിനെതിരെ ഈ വർഷം ഉപയോഗിച്ച പ്രതിരോധ കുത്തിവയ്പ് അടുത്ത വർഷം ഉപയോഗപ്രദമാകണമെന്നില്ല എന്ന സാഹചര്യം ഉണ്ടാകുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ വാക്‌സിനുകൾ കാലാകാലങ്ങളിൽ വേണ്ടി വരുന്നതും അതുകൊണ്ടാണ്.
ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് രോഗം വന്നവരിലെ മരണനിരക്ക് ഒരു ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയ്ക്കാണ്. അതൊരു ചെറിയ ശതമാനമായി തോന്നാം. എന്നാൽ നൂറിൽ മൂന്നു പേർ മരിക്കുമ്പോൾ, ഒരു ലക്ഷം പേരിൽ മൂവായിരം പേർ മരിക്കും എന്നോർക്കണം.അതുകൊണ്ടുതന്നെ സ്വയം രോഗബാധയേൽക്കാതിരിക്കാനും, രോഗം മറ്റുള്ളവരിലേക്ക് പകർത്താതിരിക്കാനും വളരെ ജാഗ്രത പുലർത്തണം.
രോഗം സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിലേക്കോ മേഖലകളിലേക്കോ, അവിടെ നിന്ന് മറ്റൊരിടത്തേക്കോ ഒക്കെയുള്ള യാത്രകൾ അത്യാവശ്യമില്ലാത്തതാണെങ്കിൽ ഒഴിവാക്കണം. ഇത്തരം യാത്രകൾ നടത്തിയിട്ടുള്ളവർ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം. അവർക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടണം. ആശുപത്രി ചികിത്സ ആവശ്യമാണെങ്കിൽ അതിന് വിധേയരാകണം. രോഗം സ്ഥിരീകരിക്കുന്നവർക്ക് ഐസൊലേഷൻ സൗകര്യത്തോടെയുള്ള ചികിത്സ നിർദ്ദേശിച്ചാൽ എതിർക്കരുത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നത് സ്വന്തം ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനും പ്രധാനമാണ്.
(ലോകാരോഗ്യ സംഘടനയിലെ മുൻ ഉദ്യോഗസ്ഥനായ ലേഖകൻ ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ ക്ഷയരോഗ സംബന്ധിയായ ആഗോള സമിതികളിൽ നേതൃത്വം വഹിക്കുന്നു. തിരുവനന്തപുരം സ്വദേശി)
ബോക്സ്
...............
തത്കാലം അതോർത്ത്
തല പുണ്ണാക്കേണ്ട
പുതിയ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചോ എന്ന കാര്യം ശാസ്ത്രലോകത്തു തന്നെ തർക്കവിഷയമാണ്. 103 കേസുകളിൽ നിന്നുള്ള പഠനം മാത്രമാണ് ഇപ്പോൾ ഇതു സംബന്ധിച്ച് ലഭ്യമായിട്ടുള്ളത്. അതിൽ കൂടുതലും 'എൽ' വിഭാഗത്തിൽപ്പെടുന്ന വൈറസാണ്. രോഗം തുടങ്ങാൻ കാരണമായ 'എസ്' വിഭാഗത്തിൽപ്പെടുന്ന വൈറസിന് മ്യൂട്ടേഷൻ സംഭവിച്ച് 'എൽ' വിഭാഗം ഉണ്ടായെന്നാണ് അനുമാനം. കൂടുതൽ പേരിൽ കണ്ടത് 'എൽ' ഇനമായതിനാൽ പെട്ടെന്നു പകരുന്നത് ഈ പുതിയ ഇനമാണെന്നും കരുതുന്നു. ഇക്കാര്യത്തിലൊന്നും ലോകാരോഗ്യ സംഘടന പോലുള്ള പ്രസ്ഥാനങ്ങളുടെ സ്ഥിരീകരണമില്ല. രോഗകാഠിന്യത്തിന്റെ കാര്യത്തിൽ രണ്ടു വിഭാഗങ്ങളും തമ്മിൽ വ്യത്യാസമുണ്ടോ എന്നും രറയാറായിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ, വൈറസുകളുടെ ജനിതകമാറ്റം അഥവാ മ്യൂട്ടേഷൻ എന്നത് തത്കാലം വാക്‌സിൻ ഉണ്ടാക്കുന്നവരുടെ മാത്രം തലവേദനയാണ്.