ആലപ്പുഴ: അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടികള്‍ തോട്ടിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ സൈക്കിളില്‍ പോവുകയായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയെയും ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ വിദ്യാർത്ഥിനികളുടെ നില ഗുരുതരമാണ്. ചേര്‍ത്തലയ്ക്കടുത്ത് പൂച്ചാക്കലിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു അപകടം നടന്നത്. ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ അനഘ, അര്‍ച്ചന, ചന്ദന, രാഖി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനികള്‍. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിക്കുന്നതിന് മുമ്പ് കാര്‍ ഒരു ബൈക്കിനെയും ഇടിച്ചിട്ടിരുന്നതായാണ് വിവരം. ഈ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാർ ഓടിച്ച അസ്‍ലം, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. കാർ അമിത വേഗത്തിലായിരുന്നെന്നു സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.