ഭോപ്പാൽ : ഗ്വാളിയർ രാജകുടുംബത്തിൽ 53 വർഷം മുമ്പുണ്ടായ രാഷ്ട്രീയ കാലുമാറ്റ ചരിത്രം വീണ്ടും ആവർത്തിച്ചിരിക്കുന്നു. അന്നും ഇന്നും തിരിച്ചടിയേറ്റത് കോൺഗ്രസിനാണ്.
1967ൽ സിന്ധ്യയുടെ മുത്തശ്ശിയും ഗ്വാളിയർ രാജമാതാവുമായ വിജയരാജെ സിന്ധ്യയാണ് കൂറുമാറ്റത്തിന്റെ ചരിത്രം ആദ്യം കുറിച്ചത്. തനിക്ക് രാഷ്‌ട്രീയ അടിത്തറ നൽകിയ കോൺഗ്രസ് വിട്ട് രാജമാത ജനസംഘത്തിലേക്ക് ചേക്കേറി.
ഇന്നലെ ചെറുമകൻ ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ചാണ് കാവിപാളയത്തിലേക്ക് കാലുമാറിയത്.
1957ൽ കോൺഗ്രസിനൊപ്പമാണ് വിജയരാജെ സിന്ധ്യ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഗുണ ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച് എം.പിയായി.
എന്നാൽ 10 വർഷമായപ്പോഴേക്കും കോൺഗ്രസിന്റെ പ്രവർത്തനത്തിൽ നിരാശയായി വിജയരാജെ രാജിവച്ചു. നേരെ ജനസംഘത്തിലേക്ക്. ഗ്വാളിയറിൽ ആദ്യം ജനസംഘത്തിനും പിന്നീട് ബി.ജെ.പിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവമായിരുന്നു.
1971ൽ രാജ്യമെമ്പാടും ഇന്ദിരാഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോൾ ഗ്വാളിയർ മേഖലയെ മുഴുവൻ കാവി പുതപ്പിക്കാൻ വിജയരാജെയ്ക്ക് കഴിഞ്ഞു. ആ തെരഞ്ഞെടുപ്പിൽ വിജയരാജെ ഭിന്ദിൽ നിന്നും അടൽ ബിഹാരി വാജ്പേയി ഗ്വാളിയറിൽ നിന്നും വിജയരാജയുടെ മകനും ജ്യോതിരാദിത്യയുടെ അച്ഛനുമായ മാധവറാവു സിന്ധ്യ ഗുണയിൽ നിന്നും ജനസംഘത്തിന്റെ ബാനറിൽ ലോക്‌സഭയിലെത്തി.1980ലെ തിരഞ്ഞെടുപ്പിലാണ് മാധവ്റാവു സിന്ധ്യ കോൺഗ്രസിൽ എത്തിയത്.2001 ൽ വിമാനാപകടത്തിൽ മരിക്കുന്നതു വരെ അദ്ദേഹം കോൺഗ്രസിലായിരുന്നു. പിതാവിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് കോൺഗ്രസിന്റെ ഉന്നതനേതാവായി വളർന്നു കൊണ്ടിരുന്ന ജ്യോതിരാദിത്യയാണ് ഇന്നലെ മുത്തശിയുടെ പാതയിലൂടെ ബി. ജെ. പിയിൽ എത്തിയത്.