പത്തനംതിട്ട: പത്തനംതിട്ടക്കാരായ കൊറോണ ബാധിതരുടെ എണ്ണം മൊത്തം ഒൻപതായി. ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളുടെ വയോധികരായ മാതാപിതാക്കൾക്കും
ബന്ധുക്കളായ എെത്തലയ്ക്കടുത്ത് ജണ്ടായിക്കലിലെ അമ്മയ്ക്കും മകൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
വയോധികർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും അറുപത്തിമൂന്നുകാരിയായ അമ്മയും ഇരുപത്തിയെട്ടുകാരിയായ മകളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണ്. ആദ്യം രോഗം ബാധിച്ച ഇറ്റലിയിൽ നിന്നെത്തിയ ഭർത്താവും ഭാര്യയും മകനും പുറമേ, ഭർത്താവിന്റെ സഹോദരനും ഭാര്യയും
പത്തനംതിട്ട ജനറൽ ആശുപത്രിയിലുണ്ട്.
# ഇറ്റലി ദമ്പതികളുടെ 24കാരനായ മകൻ ജണ്ടായിക്കലെ ബന്ധു വീട്ടിലെത്തിയതിനെ തുടർന്നാണ് അമ്മയ്ക്കും മകൾക്കും രോഗം ബാധിച്ചത്.
# ജനറൽ ആശുപത്രിയിലെ എെസൊലേഷൻ വാർഡിൽ രണ്ടുവയസുള്ള രണ്ടു കുട്ടികൾ. പരിചരിക്കാൻ അമ്മമാർ.
ഇറ്റലിയിൽ നിന്നെത്തിയവരുടെ ബന്ധുക്കളാണ് ഇവർ.
# ജില്ലയിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർ 21
പേ വാർഡുകൾ കൊറാേണ വാർഡായി
പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പേ വാർഡുകളിൽ കഴിഞ്ഞവരെ ഒഴിപ്പിച്ച് കൊറോണ വാർഡുകളാക്കി.
# പത്തനംതിട്ടയിലെ പേ വാർഡിൽ 20 കിടക്കകൾ.
# വാർഡിൽ കഴിയുന്നത് രോഗം സ്ഥിരീകരിച്ച അഞ്ച് പേരുൾപ്പെടെ 14പേർ
# കോഴഞ്ചേരിയിലെ പേ വാർഡിൽ 23 മുറികൾ
# റാന്നിയിലും പന്തളത്തും അടഞ്ഞു കിടക്കുന്ന സ്വകാര്യ ആശുപത്രികളിലും കൊറോണ വാർഡുകളൊരുക്കും.
മാസ്കും വാനിറ്റൈസറും കിട്ടാനില്ല
മാസ്കുകളും കൈയ്യുറകളും വാനിറ്റൈസറും പത്തനംതിട്ട ജില്ലയിൽ കിട്ടാനില്ല. രോഗഭീതി പടർന്നതോടെ രണ്ട് രൂപയുടെ മാസ്ക് 20രൂപയ്ക്കാണ് മെഡിക്കൽ സ്റ്റോറുകളിൽ വിറ്റത്. സർക്കാർ ആശുപത്രികളിൽ മാസ്കും കൈയ്യുറയും വാനിറ്റൈസറും രോഗികൾക്കും രോഗ ലക്ഷണങ്ങൾ ഉളളവർക്കുമാണ് നൽകുന്നത്.
ടൂറിസം കേന്ദ്രങ്ങളും സിനിമാശാലകളും അടച്ചു
കോന്നിയിലെ ആനക്കൂടും അടവി ഇക്കോ ടൂറിസം കേന്ദ്രവും അടച്ചു. സിനിമാ തീയേറ്ററുകൾ 31വരെ അടച്ചു.