റോം: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ സിരി എ ഉൾപ്പെടെയുള്ള എല്ലാ കായിക മത്സരങ്ങളും ഏപ്രിൽ 3വരെ നിറുത്തിവച്ചു. ഇറ്രാലിയൻ പ്രധാനമന്ത്രി ജ്യുസപ്പെ കോണ്ടെയാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റലിയിൽ 9000 ത്തിൽ അധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 450
ഓളം മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
കൊറോണ വ്യാപകമായതോടെ നിലവിൽ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്രേഡിയങ്ങളിൽ ആയിരുന്നു സിരി എ മത്സരങ്ങൾ നടത്തിയിരുന്നത്. കായിക മത്സരങ്ങൾക്ക് വിലക്ക് വന്നതോടെ സിരി എയും ഇറ്രലിയിൽ നടക്കേണ്ട ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും പ്രതിസന്ധിയിലായി. ഇറ്രലിയിൽ നടത്തേണ്ട ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ മറ്റൊരു സ്ഥലത്തേക്ക് മാറ്രുകയോ സമയം പുനക്രമീകരിക്കുകയോ ചെയ്യേണ്ടിവരും.
സ്പാനിഷ് ലാലിഗയിലെ അടുത്ത രണ്ടാഴ്ചത്തെ മത്സരങ്ങൾ അടച്ചിട്ട സ്റ്രേഡിയത്തിലാകും നടത്തുകയെന്നാണ് റിപ്പോർട്ട്.
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ഇന്ന് രാത്രി ഫ്രാൻസിലെ പാരീസിൽ നടക്കുന്ന പി.എസി.ജി - ബൊറൂഷ്യ ഡോർട്ട്മുണ്ട് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാകും നടത്തുക.
അടുത്തയാഴ്ച നൗകാമ്പിൽ നടക്കേണ്ട ബാഴ്സലോണയും നാപ്പൊളിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടർ മത്സരവും അടച്ചിട്ട സ്റ്രേഡിയത്തിലാകും നടത്തുക.
ബാഡ്മിന്റണിൽ ജർമ്മൻ ഓപ്പൺ വിയറ്ര്‌നാം ഓപ്പൺ,പോളിഷ് ഓപ്പൺ ഒളിമ്പിക്സ് യോഗ്യത മത്സരങ്ങൾ എന്നിവയെല്ലാം നീട്ടിവച്ചിരിക്കുകയാണ്.
ചൈനയിലെ നാൻജിംഗിൽ നടക്കേണ്ടിയിരുന്ന ലോക ഇൻഡോർ അത്‌ലറ്രിക് ചാമ്പ്യൻഷിപ്പ് (മാർച്ച് 13-15) റദ്ദാക്കി.
ഫോർമുല വണ്ണിൽ ഈമാസം നടക്കേണ്ട ബഹ്റിൻ ഗ്രാൻഡ് പ്രിയിൽ കാണികൾക്ക് പ്രവേശനം ഉണ്ടാകില്ല. ഷാംഗ്ഹായിൽ ഏപ്രിൽ 19ന് നടക്കേണ്ടിയിരുന്ന ചൈനീസ് ഗ്രാൻഡ് പ്രിക്സ് നീട്ടിവച്ചു.