തിരുവനന്തപുരം: കൊറോണ രോഗബാധ കണക്കിലെടുത്ത് ശബരിമല മാസപൂജയ്ക്ക് ഭക്തർ ആരും എത്തരുതെന്ന് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ്. അതേസമയം ആചാരപരമായ ചടങ്ങുകൾ സന്നിധാനത്ത് നടക്കുമെന്ന് ബോർഡ് അറിയിച്ചു. മാസപൂജയ്ക്ക് അന്യസംസ്ഥാനത്തു നിന്നും ഭക്തരെത്തുന്നത് തടയാനായി തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മാദ്ധ്യമങ്ങളിൽ മുന്നറിയിപ്പ് പരസ്യം നൽകുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കൊറോണയിൽ നിന്നുമുള്ള പ്രതിരോധ മാർഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗുരുവായൂർ ദേവസ്വവും രംഗത്ത് വന്നിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ ഉൾപ്പെടെ ആഘോഷങ്ങൾ ഒഴിവാക്കാൻ ദേവസ്വം തീരുമാനിച്ചു. പ്രസാദ ഊട്ടും നിർത്തിവയ്ക്കാനാണ് തീരുമാനം. ഈ മാസം 31 വരെ ആനക്കോട്ടയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ക്ഷേത്രത്തിലും പരിസരത്തും ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും ദേവസ്വം നിർദേശിച്ചിട്ടുണ്ട്.