ആറ്റിങ്ങൽ: കൊറോണ പ്രതിരോധ സാമഗ്രികളുടെ ക്ഷാമം കണക്കിലെടുത്ത് മെഡിക്കൽ സ്‌റ്റോറുകളിലും ആരോഗ്യ ഉൽപ്പന്ന വിപണന കേന്ദ്രങ്ങളിലും നഗരസഭാ ഹെൽത്ത് വിഭാഗം റെയ്ഡ് നടത്തി. കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് കോവിഡ് 19 രോഗം സൃഷ്ടിച്ച ആശങ്കയിൽ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾക്ക് ക്ഷാമം നേരിട്ടിട്ടുണ്ട്. മാസ്‌ക്, കയ്യുറകൾ, ശുചീകരണ സംവിധാനങ്ങൾ എന്നിവയ്ക്കാണ് പെട്ടന്ന് ക്ഷാമം . ആശങ്കാകുലരായ ജനങ്ങൾ മാസ്‌ക്കും മറ്റും വാങ്ങിക്കുവാൻ തിടുക്കം കൂട്ടിയതാണ് കാരണം. വിപണിയിൽ ഉൽപ്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് പൂഴ്ത്തിവെയ്പ്പ് ഉണ്ടോ എന്നറിയുവാൻ നഗരസഭാ ഹെൽത്ത് വിഭാഗം സൂപ്പർവൈസർ അജയകുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഭൂരിഭാഗം മെഡിക്കൽ സ്‌റ്റോറുകളിലും മാസ്‌ക്കുകൾ ലഭ്യമല്ല. അഞ്ച് രൂപക്ക് മൊത്ത വിതരണക്കാർ നൽകിയിരുന്ന മാസ്‌ക്കിന് അവർ ആറിരട്ടിയായി ഒരാഴ്ചക്കുള്ളിൽ വില വർദ്ധിപ്പിച്ചതായും ഇതിനാൽ സ്റ്റോക്ക് എടുക്കാത്തതാണന്നും മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറഞ്ഞു. ഇതേ സമയം കരിഞ്ചന്തയിൽ അമ്പത് രൂപക്ക് വരെ മാസ്‌ക് വിൽക്കുന്നതായും ആക്ഷേപമുണ്ട്. അമിത വില ഈടാക്കുവാൻ അനുവദിക്കില്ലെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.