തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ കേരളത്തിൽ ആളുകൾ കൂടാൻ സാദ്ധ്യതയുള്ള പരപാടികളെല്ലാം നിർത്തിവയ്‌ക്കാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ ഭാഗമായ സ്വീകരിച്ച നടപടികൾ:
പി.എസ്.സി പരീക്ഷ
മാറ്റിവച്ചു
മാർച്ച് 20 വരെയുള്ള പി.എസ്.സി പരീക്ഷകൾ മാറ്റി. സർട്ടിഫിക്കറ്റ് പരിശോധനയും നേരിട്ട് നിയമന ശുപാർശ നൽകലും നിർത്തി. ഇന്നത്തെ വകുപ്പുതല ഓൺലൈൻ പരീക്ഷ ഏപ്രിൽ അഞ്ചിലേക്കു മാറ്റി. അഭിമുഖങ്ങൾക്ക് മാറ്റമില്ല. കൊറോണ കാരണം അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകും.
ശബരിമലയിൽ
ദർശനമില്ല
ശബരിമല ക്ഷേത്രത്തിൽ മാസപൂജയ്‌ക്ക് ഭക്തർ എത്തരുതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. മീനമാസ പൂജയ്‌ക്ക് 13ന് നട തുറക്കും. പൂജകൾ ഉണ്ടാകും. ദർശനം അനുവദിക്കില്ല.
ഗുരുവായൂരിൽ
നിയന്ത്രണം
ഗുരുവായൂർ ക്ഷേത്രത്തിൽ 31 വരെ കലാപരിപാടികളും പ്രസാദ ഊട്ടും നിർത്തിവച്ചു. ആനക്കോട്ടയിലേക്ക് സന്ദർശകർക്ക് വിലക്കുണ്ടാകും.
തിയേറ്ററുകൾ
അടച്ചിടും
മുഴുവൻ സിനിമാശാലകളും 31 വരെ അടച്ചിടും. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ചലച്ചിത്ര സംഘടനകൾ ഈ തീരുമാനമെടുത്തത്. പല ചിത്രങ്ങളുടെയും ഷൂട്ടിംഗ് മുടങ്ങും.
എൻട്രൻസ്
കോച്ചിംഗ് ഇല്ല
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ അടച്ചിടും. കോട്ടയത്ത് ഹോട്ടലുകളിലും റിസോർട്ടുകളിലും വിദേശികളുടെ താമസത്തിന് നിയന്ത്രണമുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ടു പേർ കോട്ടയം മെഡി. കോളേജ് ആശുപത്രിയിലാണ്.
ബിവറേജസ്
അടച്ചിടില്ല
ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടില്ല. റാന്നി ടൗണിൽ മാത്രമാണ് കളക്ടറുടെ നിർദ്ദേശപ്രകാരം മദ്യവില്പനശാലയ്ക്ക് വിലക്കുള്ളത്. ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടുമെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ
അടച്ചിട്ടു
വനംവകുപ്പിന്റെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും മാർച്ച് 31 വരെ അടച്ചു. വനയാത്രകളും ട്രക്കിംഗും അനുവദിക്കില്ല. കോന്നി ആനത്താവളത്തിലേക്കും അടവി ഇക്കോ ടൂറിസും മേഖലയിലേക്കും പ്രവേശനം ഇല്ല.
നീരിക്ഷണത്തിന്
ജി.പി.എസ്
പത്തനംതിട്ട ജില്ലയിൽ കൊറോണയുമായി ബന്ധപ്പെട്ട് വീടുകളിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ ജി.പി.എസുമായി മുപ്പതംഗ ടീം പ്രവർത്തിക്കും. 733 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇവർ പുറത്തു പോകുന്നത് നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനുമാണിത്.