swami-nithyananada
SWAMI NITHYANANADA

അഹമ്മദാബാദ്: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയ്ക്കെതിരായ തട്ടിക്കൊണ്ടുപോകൽ കേസ് അന്വേഷിക്കുന്ന 14 ഉദ്യോഗസ്ഥർക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കോടതി. ചോദ്യം ചെയ്യലിനിടെ ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത അന്തേവാസികളെ അശ്ലീല വീഡിയോ കാണിച്ചെന്ന പരാതിയിലാണിത്. അഹമ്മദാബാദ് കോടതിയുടേതാണ് നടപടി.

വിവേകാനന്ദനഗർ പൊലീസാണ് ശിശുക്ഷേമ സമിതി അംഗങ്ങൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനിടെ ആശ്രമത്തിലെ അന്തേവാസികളായ കുട്ടികളോട് മോശമായ രീതിയിലുള്ള ചോദ്യങ്ങൾ ചോദിച്ചെന്നും കുട്ടികളുടെ മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ആശ്രമത്തിലെ അന്തേവാസിയായ ഗിരീഷ് ത്രിപാഠിയുടേതാണ് പരാതി.

ആശ്രമത്തിലുള്ള മക്കളെ അനധികൃതമായി തടഞ്ഞ് വച്ചിരിക്കുന്നെന്ന ജനാർദ്ദന ശർമ്മയുടെയും ഭാര്യയുടെയും ഹേബിയസ് കോർപസ് പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു ഉദ്യോഗസ്ഥർ. കുട്ടികളുടെ സ്വകാര്യത മാനിക്കാതെയായിരുന്നു ചോദ്യം ചെയ്യലെന്ന് പരാതിയിൽ ആരോപിക്കുന്നു. ചോക്ലേറ്റുകളും ഭക്ഷണ വസ്തുക്കളും നൽകി അന്തേവാസികളായ കുട്ടികളെ വശീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും പരാതിയിൽ പറയുന്നു.

അടുത്തിടെ കർണാടക ഹൈക്കോടതി നിത്യാനന്ദയ്ക്ക് നൽകിയിരുന്ന ജാമ്യം റദ്ദാക്കിയിരുന്നു. നിത്യാനന്ദയെ കസ്റ്റഡിയിൽ എടുക്കാനും കോടതി നിർദേശിച്ചിരുന്നു. നിത്യാനന്ദയ്‌ക്കെതിരെ ഫെബ്രുവരി 1നാണ് കർണാടക ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.

ബലാത്സംഗം, വഞ്ചന, ക്രിമിനൽ പ്രവർത്തനങ്ങൾ, തെളിവ് നശിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, ക്രിമിനൽ ഗൂഢാലോചന ഇങ്ങനെ വിവിധ കേസുകളിൽ വിചാരണ നേരിടുന്നയാളാണ് നിത്യാനന്ദ. എന്നാൽ 2018 മുതൽ ഇയാൾ ഒരു കോടതിക്ക് മുന്നിലും ഹാജരായിട്ടില്ല. ഗുജറാത്തിലെ ഒരു കോടതി ഇയാൾക്കെതിരെ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നിർദേശം നൽകിയിരുന്നു.