corona

കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. കൊറോണ ബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന കൊച്ചിയിലെ മൂന്ന് വയസുകാരന്റെ മാതാപിതാക്കളിലാണ് കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

ഇവരെ കൂടാതെ പത്തനംതിട്ടയിൽ ഏഴ് പേരിലും, കോട്ടയത്ത് നാല് പേരിലുമാണ് കൊറോണ വൈറസ് കണ്ടെത്തിയിരുന്നത്. സാധാരണ രീതിയിലുള്ള ഇടപെടലും ജാഗ്രതയും പോര കോവിഡ് 19 നിയന്ത്രിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. സിനിമാ തിയേറ്ററുകൾ അടച്ചിടാനും പി.എസ്.സി പരീക്ഷകൾ മാറ്റിവയ്ക്കാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

ഇറ്റലി, ഇറാൻ, സിങ്കപ്പൂർ തുടങ്ങിയ രോഗബാധിത രാജ്യങ്ങളിൽനിന്ന്​ വരുന്നവർ സ്വമേധയാ നിരീക്ഷണത്തിന് വിധേയമാകണം. സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെടണം. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്​. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക്​ ഭക്ഷ്യവസ്​തുക്കൾ എത്തിക്കാൻ കളക്​ടർമാർക്ക്​ നിർദേശം നൽകി. യാത്ര മുടങ്ങുന്നത്​ മൂലം വിദേശത്ത്​ ജോലി ചെയ്യുന്നവർ നേരിടുന്ന പ്രയാസം പരിഹരിക്കും-അദ്ദേഹം പറഞ്ഞു.ഇതുസംബന്ധിച്ച്​ കേന്ദ്രസർക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.