ന്യൂഡൽഹി: കോൺഗ്രസിന്റെ 'യുവതുർക്കി'കളിൽ ഒരാളായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയെ കൈയൊഴിഞ്ഞിട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ. പാർട്ടിയിൽ നിന്നുകൊണ്ട് അർഹതപ്പെട്ട സ്ഥാനങ്ങൾ തനിക്ക് നേടിയെടുക്കാൻ കഴിയില്ല എന്ന ഉറപ്പുകൊണ്ടാണ് സിന്ധ്യ പാർട്ടി വിടാൻ തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിൽ വാസ്തവവുമുണ്ട്.
കമൽനാഥ് സർക്കാർ അധികാരത്തിലേറിയതോടെയാണ് ഒരുപക്ഷെ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പാർട്ടിയിലുള്ള സകല പ്രതീക്ഷകളും നഷ്ടമായിരിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ എത്തും എന്ന് നിനച്ചിരുന്ന സിന്ധ്യയുടെ കൈയിൽ നിന്നും തുടക്കത്തിൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സ്ഥാനവും അവസാനം രാജ്യസഭാ നോമിനേഷനും കൂടി അനിശ്ചിതത്വത്തിൽ ആയതോടെ പാർട്ടിയെ വിട്ട് മറുകണ്ടം ചാടുകയല്ലാതെ സിന്ധ്യയ്ക്ക് മറ്റ് വഴികളൊന്നും മുൻപിൽ ഇല്ലായിരുന്നു എന്നുവേണം കരുതാൻ.
അധികം വൈകാതെ തന്നെ ബി.ജെ.പിയിൽ ചേരുമെന്ന് കരുതപ്പെടുന്ന സിന്ധ്യയുടെ ഈ തിരിച്ചുപോക്ക് അക്ഷരാർത്ഥത്തിൽ ഒരു 'ഘർ വാപ്‌സി തന്നെയാണ്. ബി.ജെ.പിയുടെ സ്ഥാപകരിൽ ഒരാളും പാർട്ടിയിലെ അനിഷേധ്യ നേതാക്കളിൽ ഒരാളുമായിരുന്നു സിന്ധ്യയുടെ മുത്തശ്ശി വിജയ രാജെ സിന്ധ്യ.
അതുകൂടാതെ അദ്ദേഹത്തിന്റെ അമ്മായിമാരായ യശോദര രാജെ സിന്ധ്യയും വസുന്ധര രാജെയും പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ കൈയാളിയവരാണ്. എന്നാൽ ബി.ജെ.പിയിലേക്കുള്ള മുൻ കോൺഗ്രസ് നേതാവിന്റെ ഈ വരവ് അത്ര നല്ലതിനാകാൻ സാദ്ധ്യതയില്ല. കേന്ദ്ര മന്ത്രി സ്ഥാനം ഒരു വാഗ്ദാനമായി മുന്നിലുണ്ടെങ്കിലും.
ബി.ജെ.പിയിലുള്ള സിന്ധ്യയുടെ സ്ഥാനത്തിന് ദൃഢതയുണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിനു കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് വസുന്ധര രാജെയോടും യശോദര രാജെ സിന്ധ്യയോടും പാർട്ടി കാട്ടുന്ന മനോഭാവത്തെയാണ്. നിലവിൽ കാഴ്ചക്കാരുടെ സ്ഥാനം മാത്രമാണ് ഇവർക്ക് ഇരുവർക്കും ഉള്ളതെന്നും, പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിൽ നിന്നും ഇവർ മാറ്റിനിർത്തപ്പെടുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അതുകൊണ്ടുതന്നെ ഇതേ കുടുംബത്തിൽ നിന്നും വരുന്ന സിന്ധ്യയെയും ഈ വിധിയാണ് കാത്തിരിക്കുന്നതെന്ന് ഇവർ കണക്കുകൂട്ടുന്നു. മാത്രമല്ല 18 വർഷത്തോളം കോൺഗ്രസിനൊപ്പം പ്രവർത്തിച്ച സിന്ധ്യയെ ബി.ജെ.പിയിലെ യുവരക്തം അംഗീകരിക്കാൻ തയാറാകില്ലെന്നും അതിനാൽ അദ്ദേഹം പാർട്ടിയിൽ ഒറ്റപ്പെടാനാണ് സാദ്ധ്യതയെന്നും ഇവർ പ്രവചിക്കുന്നു.