flying-car

ഇന്ത്യയിൽ ആദ്യമായി പറക്കും കാറുകൾ നിർമിക്കാനൊരുങ്ങി ഡച്ച് കമ്പനി. നെതർലൻഡ്‌സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയായ പാൽ-വിയാണ്(പേഴ്സണൽ എയർ ലാൻഡ് വെഹിക്കിൾ) ഈ ഉദ്യമവുമായി ഇന്ത്യയിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ പ്രവർത്തനമാരംഭിക്കുന്ന പ്ലാന്റിലാണ് പറക്കും കാറുകൾ നിർമിക്കാൻ കമ്പനി ഒരുങ്ങുന്നത്. 2021 ലാണ് കമ്പനി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. ഇത് സംബന്ധിച്ച് ഗുജറാത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.കെ ദാസുമായി കമ്പനിയുടെ വൈസ് പ്രസിഡന്റായ കാർളോ മാസ്ബൊമ്മെൽ കരാർ ഒപ്പിട്ടുകഴിഞ്ഞു.

കരാറിൽപറയുന്നതനുസരിച്ച് കമ്പനിക്ക് നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള എല്ലാവിധ ഔദ്യോഗിക അനുമതികളും നേടിത്തരേണ്ട ഉത്തരവാദിത്തം സർക്കാരിനാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങളും അനായാസ വ്യവസായ പ്രവർത്തനങ്ങൾക്കുള്ള അന്തരീക്ഷവും ഉള്ളതുകൊണ്ടാണ് ഗുജറാത്തിൽ തന്നെ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി തീരുമാനിച്ചതെന്നും കാർളോ മാസ്ബൊമ്മെൽ വ്യക്തമാക്കി. വാഹനങ്ങൾ നിർമിച്ച ശേഷം യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനാണ് കമ്പനി ആലോചിക്കുന്നത്.

ഇപ്പോൾ തന്നെ 110 പറക്കും കാറുകൾക്കായുള്ള ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നിരത്തിൽ 160 കിലോമീറ്റർ വേഗത്തിലും ആകാശത്ത് 180 കി.മി സ്പീഡിലുമാകും ഈ വാഹനങ്ങൾ സഞ്ചരിക്കുക. കൺവെർട്ടിബിൾ മാതൃകയിലുള്ള ഈ വാഹനത്തിന് വെറും മൂന്ന് മിനിറ്റുകൾ കൊണ്ടുമാത്രം പറക്കുന്ന നിലയിലേക്ക് മാറാൻ കഴിയും. മാത്രമല്ല, ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ അഞ്ഞൂറ് കിലോമീറ്റർ വരെ ഈ പറക്കും കാറുകൾക്ക് സഞ്ചരിക്കാൻ ആകുമെന്നും കമ്പനി അവകാശപ്പെടുന്നു.