ആലപ്പുഴ: പൂച്ചാക്കലിൽ പലയിടങ്ങളിലായി വെച്ചുണ്ടായ റോഡപകടങ്ങളിലെ കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. പൂച്ചാക്കൽ സ്വദേശിയായ മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ ആനന്ദ് മുഡോയി എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്ക് രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ഇരുവരെയും നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന വിവരമാണ് പുറത്തുവരുന്നത്.
ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഈ കുട്ടിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പേര് അനഘയെന്നാണ്. അനഘയ്ക്കൊപ്പം കാറിടിച്ച് പരിക്കേറ്റ സഖി, ചന്ദന, അർച്ചന എന്നീ കുട്ടികളുടെ തുടയെല്ലാണ് പൊട്ടിയിരിക്കുന്നത്. ഇവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബൈക്കിൽ സഞ്ചരിക്കവെ ഇടിയേറ്റ പൂച്ചാക്കൽ സ്വദേശി അനീഷിന്റെയും മകന്റെയും നില തൃപ്തികരമാണ്.
അമിതവേഗത്തിലെത്തിയ കാർനിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കുട്ടികൾ തോട്ടിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ സൈക്കിളിൽ പോവുകയായിരുന്ന ഒരു വിദ്യാർത്ഥിനിയെയും ഇടിച്ചുതെറിപ്പിച്ചു. വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിക്കുന്നതിന് മുൻപ് ഒരു ബൈക്കിനെയും ഇവർ ഇടിച്ചിട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു അപകടം നടന്നത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാർ അമിത വേഗത്തിലായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു.