കിരീടം ഉറപ്പിച്ചത് നാല് മത്സരങ്ങൾ ബാക്കി നിൽക്കെ
ഇന്നലെ ഐസ്വാളിനെ 1-0ത്തിന് കീഴടക്കി
കല്യാണി: ഐ ലീഗ് കിരീടം കൊൽക്കത്തൻ വമ്പൻമാരായ മോഹൻ ബഗാൻ ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഐസ്വാൾ എഫ്.സിയെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കിയാണ് ബഗാൻ ചാമ്പ്യൻപട്ടം തിരിച്ചു പിടിച്ചത്. സീസണിൽ ഇനി നാല് മത്സരങ്ങൾ കൂടി അവശേഷിക്കെയാണ് ബഗാന്റെ കിരീട ധാരണം.
അടുത്ത സീസണിൽ ഐ.എസ്.എൽ ക്ലബ് എ.ടി.കെയുമായി ലയിക്കാനൊരുങ്ങന്ന മോഹൻ ബഗാന് ഐ-ലീഗില്‍ കിരീടത്തോടെ തന്നെ പടിയിറങ്ങാനായി. ബഗാന്റെ തട്ടകമായ കല്യാണി സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ 80-ാം മിനിട്ടിൽ സെനഗൽ താരം ബാബ ദിയാവാര നേടിയ ഗോളാണ് ബഗാന്റെ വിജയവും കിരീടവും ഉറപ്പിച്ചത്. സീസണിൽ അദ്ദേഹത്തിന്റെ പത്താം ഗോളാണിത്.
16 മത്സരങ്ങളിൽ നിന്ന് ബഗാനിപ്പോൾ 39 പോയിന്റുണ്ട്. 12 ജയവും 3 സമനിലയും അക്കൗണ്ടിൽ ഉള്ള ബഗാൻ ഒരു മത്സരത്തിൽ മാത്രമേ തോറ്രിട്ടുള്ളൂ. രണ്ടാം സ്ഥാനത്തുള്ള ചിരവൈരികളായ ഈസ്റ്ര് ബംഗാളിന് 23 പോയിന്റേയുള്ളൂ.
ചെന്നൈയുമായി 1-1ന്റെ സമനില വഴങ്ങിയ കഴിഞ്ഞ കളിയിൽ ഇറങ്ങിയ ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ബഗാൻ ഐസ്വാളിനെതിരേ ഇറങ്ങിയത്. കൊംറോൺ ടർസനോവ് ,ധനചന്ദ്ര സിംഗ്,ഡാനിയേൽ സൈറസ് എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി.
ആദ്യപകുതിയിൽ ബഗാനും ഐസ്വാളും ഗോളവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ടു. മത്സരം അവസാനിക്കാൻ പത്ത് മിനിട്ട് ശേഷിക്കെ ദിയാവാര ബഗാന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.
ഐ-ലീഗിൽ ബഗാന്റെ രണ്ടാം കിരീടമാണിത്. നേരത്തെ 2014-15 സീസണിൽ ബഗാൻ ചാമ്പ്യൻമാരായിരുന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ ചെന്നൈ സിറ്റി ലീഗില്‍ ഏഴാംസ്ഥാനത്താണ്.