പത്തനംതിട്ട: ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ വഴികളിലൂടെ സഞ്ചരിച്ചവർ വിവരം പത്തനംതിട്ട ജില്ലാഭരണകൂടത്തെ അറിയിക്കണം.
പത്തനംതിട്ടയിൽ കോവിഡ്–19 രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ നിരീക്ഷണത്തിലുള്ളവർക്ക് കൂടുതൽ ശ്രദ്ധ നൽകി കഴിഞ്ഞു. ഇവർ പുറത്തിറങ്ങുകയോ ആളുകളുമായി സമ്പർക്കം പുലർത്തുകയോ ചെയ്‌താൽ നടപടിയെടുക്കുമെന്ന് ജില്ലാഭരണകൂടത്തിന്റെ താക്കീതുമുണ്ട്.
രണ്ടുപേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരാണ്. 21പേരുടെ സ്രവം പരിശോധനക്കയച്ചതിൽ, ആറുപേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. കൂടുതൽപേരെ ഐസൊലേഷൻവാർഡിലേയ്ക്ക് മാറ്റും. വീട്ടിൽ നിരീക്ഷണത്തിലുള്ള ചിലരിൽ രോഗം ലക്ഷണംകണ്ടതിന്റെ അടിസ്ഥാനത്തിൽ ആണിത്. എല്ലാവരുടെയും സഹകരണം വേണമെന്നും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നുമാണ് ജില്ലാഭരണകൂടത്തിന്റെ നിർദേശം.