രോഗങ്ങൾക്കും രോഗാണുക്കൾക്കും നടുവിലാണ് എന്നും മനുഷ്യന്റെ ജീവിതം. രോഗാണു പ്രതിരോധ സംവിധാനങ്ങളും പലവിധ സാനിട്ടൈസറുകളും ഉപയോഗിച്ച് പലപ്പോഴും നമ്മൾ ഇവയിൽ നിന്നും രക്ഷ നേടാറുണ്ട്. എന്നാൽ ഈ രോഗാണുക്കളെ സദാസമയവും കൈയിൽ കൊണ്ടുനടന്നാലോ? പറഞ്ഞുവരുന്നത് നിങ്ങളുടെ കൈയിലുള്ള സ്‌മാർട്ട്ഫോണിന്റെ കാര്യമാണ്.
ബാക്ടീരിയകളുടെയും വൈറസുകളുടെയും ഒരു കൂടാണ് നിങ്ങൾ നിരന്തരം കൈയിൽ കൊണ്ടുനടക്കുന്ന ഫോൺ എന്ന കാര്യം അറിയാമോ? മാത്രമല്ല സദാസമയവും കൈയിലിരിക്കുന്ന ഈ സാധനം അധികമാരും അങ്ങനെ താഴെ വയ്ക്കാറുമില്ല. നിങ്ങൾ ഗാഡ്ജറ്റ് അഡിക്ഷൻ ഉള്ളയാളാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
മാത്രമല്ല, ഫോൺ ഇടയ്ക്കിടക്ക് കൈയിൽ എടുക്കുമ്പോൾ കൈ കഴുകുക എന്നത് വലിയ ഒരു അസൗകര്യവുമാണ്. എന്നാൽ ഈ ബുദ്ധിമുട്ടിന് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് 'ഫോൺ സോപ്പ് ഗോ' എന്ന ഉപകരണം. നിങ്ങളുടെ ഫോണിലെ കുളിപ്പിക്കുന്ന ഒരു ബാത്ത്ടബ്ബ് തന്നെയാണ് ഈ ഉപകരണമെന്ന് പറയാം.
എന്നാൽ അതിനായി വെള്ളമല്ല 'ഫോൺ സോപ്പ് ഗോ' ഉപയോഗിക്കുക. അൾട്രാ വയലറ്റ് രശ്മികളാണ്. ഓണാക്കിയ ശേഷം ഈ ഉപകരണത്തിലേക്ക് ഫോൺ ഇറക്കി വച്ച് 6 മിനിറ്റുകൾ കാത്തിരിക്കുക. ശേഷം ഫോൺ പുറത്തുവരുന്നത് 'കുളിച്ച് കുട്ടപ്പനായി'ട്ടായിരിക്കും. ഫോണിലെ 99.9 % അണുക്കളും ഇതോടെ ചത്തൊടുങ്ങുകയും ചെയ്യും.
ഫോൺ മാത്രമല്ല, ആഭരണങ്ങൾ, ഇയർഫോണുകൾ, മേക്കപ്പ് സാധനങ്ങൾ എന്നിവയും വേണമെങ്കിൽ അടിവസ്ത്രം പോലും 'ഫോൺ സോപ്പ് ഗോ' ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. എന്നാൽ ഈ ഉപകരണത്തിന്റെ വിലയാണ് അൽപ്പം കടുപ്പം. ഏകദേശം 7000 രൂപ നൽകിയാലേ 'ഫോൺ സോപ്പ് ഗോ' വാങ്ങാൻ പറ്റുകയുള്ളൂ.