മൂന്നു പതിറ്റാണ്ടിനിടെ ആഗോള വിപണിയിൽ എണ്ണവില മുപ്പതു ശതമാനത്തോളം ഇടിയുന്നത് ആദ്യമാണ്. ഇന്ത്യയെപ്പോലെ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഇത് സ്വാഭാവികമായും ആശ്വാസം നൽകേണ്ടതാണ്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലക്കുറവ് ഇന്ത്യയിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്നു കരുതാനാവില്ല. കാരണം ക്രൂഡ് വിലയെ അടിസ്ഥാനമാക്കിയല്ല ഇവിടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിർണയം. അന്താരാഷ്ട്ര വിലയ്ക്കനുസൃതമായിട്ടാണ് ഇവിടെ അവയുടെ വില നിശ്ചയിക്കപ്പെടുന്നത്. എണ്ണക്കമ്പനികൾക്ക് വില നിർണയാധികാരം നൽകിയതോടെ അവർ നിശ്ചയിക്കുന്നതാണ് നിരക്ക്. അതുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില എത്ര കുറഞ്ഞാലും ഇവിടെ പെട്രോളിയം ഉത്പന്നങ്ങൾക്ക് കാര്യമായ തോതിൽ വില കുറയാത്തത്.
കഴിഞ്ഞ ദിവസം പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയും കുറഞ്ഞതിന് എണ്ണവിപണിയിലെ വലിയ വിലക്കുറവുമായി ബന്ധമൊന്നുമില്ല. ബന്ധമുണ്ടായിരുന്നുവെങ്കിൽ ഇതിനെക്കാൾ വലിയ നേട്ടം ഉപഭോക്താക്കൾക്കു ലഭിക്കേണ്ടതായിരുന്നു. കാരണം ക്രൂഡ് വിലയിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ 'ഒപെക്കും" റഷ്യയും തമ്മിൽ ഉണ്ടായിരിക്കുന്ന ഭിന്നതകളെത്തുടർന്ന് വിപണിയിൽ ക്രൂഡ് വില കുത്തനെ ഇടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ ബാരലിന് 30 ഡോളർ വരെ താഴ്ന്ന ക്രൂഡ് വില പിന്നീട് 34 ശതമാനം വരെ ഉയർന്ന് സ്ഥിരപ്പെടുകയായിരുന്നു. വില ശരാശരി 60 ഡോളറിൽ നിൽക്കുമ്പോൾ നിജപ്പെടുത്തിയ തോതിലാണ് ഇവിടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിലവാരം. അതുവച്ചു നോക്കിയാൽ ക്രൂഡ് വില നേരെ പകുതിയായി ഇടിഞ്ഞ സ്ഥിതിക്ക് ഉപഭോക്താക്കൾക്ക് അതിന്റെ ആനുകൂല്യം ലഭിക്കേണ്ടതാണ്.
കൊറോണ ഭീതി സൃഷ്ടിച്ച സാമ്പത്തിക തകർച്ചയ്ക്കൊപ്പം ലോക എണ്ണ വിപണിയിലും ഓഹരി വിപണികളിലും സംഭവിച്ച ഭീമമായ ഇടിവു കൂടിയായപ്പോൾ ലോക സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുകയാണിപ്പോൾ. ഇന്ത്യയിൽ നിക്ഷേപകർക്ക് കഴിഞ്ഞ വാരാന്ത്യം എട്ടുലക്ഷം കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവന്നുവെന്നാണ് കണക്ക്. കൊറോണ ഭീതി കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി ഇനിയും വഷളാകുമെന്ന ആശങ്കയുമുണ്ട്. മാന്ദ്യം പിടിമുറുക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് എണ്ണ വിപണിയിലെ പുതിയ പ്രതിസന്ധി കൂടുതൽ മാരകമായ മുറിവേൽപ്പിക്കുമോ എന്നാണു ഏവരും ഉറ്റുനോക്കുന്നത്. ലോകത്ത് എല്ലായിടത്തും ഇന്ധന ആവശ്യം കുത്തനേ ഇടിഞ്ഞതാണ് എണ്ണ വിപണിയുടെ നട്ടെല്ല് തകർത്തത്. ഒപെക് രാഷ്ട്രങ്ങൾ പ്രതിദിനം 15 ലക്ഷം ബാരൽ ഉത്പാദനക്കുറവ് വരുത്താൻ തീരുമാനമെടുത്തുകഴിഞ്ഞു. അതേസമയം ഒപെക് രാജ്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് റഷ്യ ഉത്പാദനം കൂട്ടാനുള്ള ഒരുക്കത്തിലാണ്. അമേരിക്കയെപ്പോലുള്ള ചില രാജ്യങ്ങൾ സ്വന്തമായ നിലപാടെടുത്തു നിൽക്കുകയാണ്. ഒപെക് രാജ്യങ്ങളിൽത്തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യ ചൈനയ്ക്ക് തുച്ഛവിലയ്ക്ക് ക്രൂഡ് നൽകാൻ തീരുമാനമെടുത്തതും എണ്ണ വിപണി പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടും.
സാമ്പത്തിക മാന്ദ്യത്താൽ ബുദ്ധിമുട്ടിലായ മോദി സർക്കാരിന് എണ്ണ വിപണിയിലെ പുതിയ സംഭവവികാസങ്ങൾ വലിയ തോതിൽ നേട്ടമാകുമെന്നാണ് കരുതുന്നത്. വിലയിടിവ് നീണ്ടുനിന്നാൽ എണ്ണ ഇറക്കുമതിക്കു വേണ്ടിവരുന്ന വിദേശ നാണ്യത്തിൽ ഗണ്യമായൊരു പങ്ക് ലാഭിക്കാനാകും. ബാരലിന് ഒരു ഡോളറിന്റെ കുറവുണ്ടായാൽ പോലും പ്രതിവർഷം പതിനായിരം കോടി രൂപ ഇറക്കുമതിച്ചെലവിൽ കുറയ്ക്കാനാകുമെന്നാണു കണക്ക്. അതനുസരിച്ചാണെങ്കിൽ ഇപ്പോൾ ക്രൂഡ് വിലയിലുണ്ടായ വമ്പിച്ച കുറവ് എത്രമാത്രം ഗുണം ചെയ്യുമെന്ന് ഊഹിക്കാനാവും. എണ്ണ ഇറക്കുമതിയിലുണ്ടാകുന്ന മിച്ചം പണം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. ധനക്കമ്മിയും ഗണ്യമായി കുറഞ്ഞുകിട്ടും. എന്നാൽ ഇന്ധനത്തിനായി അമിത വില നൽകിക്കൊണ്ടിരിക്കുന്ന ജനങ്ങൾക്ക് ഇതുകൊണ്ടൊന്നും വലിയ നേട്ടമുണ്ടാകാൻ പോകുന്നില്ലെന്നതാണ് അനുഭവം. അന്താരാഷ്ട്ര ഇന്ധന വിലയുടെ ചുവടുപിടിച്ച് അപ്പപ്പോൾ വില ഉയർത്തി നിശ്ചയിക്കുന്ന എണ്ണക്കമ്പനികളുടെ ദയാവായ്പിലാണ് ഇവിടെ കാര്യങ്ങൾ. ക്രൂഡ് വിലയുമായി അതിന് ബന്ധമില്ല. അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുമ്പോൾ തീരുവയിനത്തിൽ കേന്ദ്ര സർക്കാരിന് ലഭിക്കേണ്ട വിഹിതത്തിൽ കുറവു വരുമെന്നതിനാൽ റീട്ടെയിൽ രംഗത്ത് വലിയ തോതിൽ ആനുകൂല്യം നൽകാൻ സർക്കാർ ഒരുങ്ങുമെന്നു തോന്നുന്നില്ല. പ്രത്യക്ഷ നികുതികൾ കഴിഞ്ഞാൽ സർക്കാരിന്റെ മുഖ്യ വരുമാന സ്രോതസാണല്ലോ ഇന്ധന മേഖല. വില വർദ്ധനയുടെ ഒരു സാഹചര്യവുമില്ലാതിരിക്കുമ്പോഴും വിവിധയിനം ഇന്ധനങ്ങൾക്ക് യുക്തിരഹിതമായ രീതിയിൽ വില കൂട്ടുന്ന പ്രവണതയാണ് കാണാനാവുന്നത്. പാചക വാതകത്തിന് ഈയിടെ വരുത്തിയ വൻ വില വർദ്ധന ഉദാഹരണമാണ്.