കൊച്ചി: കൊറോണ ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ കഴിയുന്ന മൂന്നു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ മാതാപിതാക്കൾക്കും രോഗം സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ 17 പേരും വീടുകളിൽ 347 പേരും നിരീക്ഷണത്തിലാണ്. കുട്ടിക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 99 പേരും ഇവരിലുൾപ്പെടും.
കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ ഇന്നലെ പുതുതായി ആറു പേരെക്കൂടി പ്രവേശിപ്പിച്ചു. മൂന്നുപേരെ ഐസൊലേഷൻ വാർഡിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിൽ 23 പേർ ചികിത്സയിലുണ്ട്. 75 പേരുടെ സ്രവങ്ങൾ ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് നൽകി. അതിൽ രണ്ടെണ്ണം പുനഃപരിശോധനയ്ക്ക് നൽകിയതാണ്.
നെടുമ്പാശേരി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും. യാത്ര സംബന്ധിച്ച വിവരങ്ങളുടെ സത്യവാങ്മൂലവും എഴുതി വാങ്ങുന്നുണ്ട്. ആഭ്യന്തര യാത്രക്കാർ സഞ്ചരിച്ച സ്ഥലങ്ങളും പരിശോധിക്കുന്നുണ്ട്.
അന്താരാഷ്ട്ര ടെർമിനലിൽ പത്തും ആഭ്യന്തര ടെർമിനലിൽ അഞ്ചും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. 12 വീതം നഴ്സുമാരും 30 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും മറ്റു ജീവനക്കാരും ഇവിടെ ഡ്യൂട്ടിയിലുണ്ട്.
പ്രധാന റെയിൽവേ സ്റ്റേഷനുകൾ, കൊച്ചി തുറമുഖം എന്നിവിടങ്ങളിലും ഹെൽപ്പ് ഡെസ്കുകൾ തുറന്നു. കൊച്ചി തുറമുഖത്ത് വിദേശ യാത്രാക്കപ്പലുകൾക്ക് താത്കാലികമായി പ്രവേശനാനുമതി നൽകുന്നില്ല. എറണാകുളം, ആലുവ ജനറൽ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.
സിയാലിലെ നിയന്ത്രണങ്ങൾ
നെടുമ്പാശേരി: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള മൂന്നു വിമാന സർവീസുകൾ ഒമാൻ എയർ റദ്ദാക്കി. ഡബ്ല്യു.വൈ 223/224 ഒമാൻ എയർ വിമാനത്തിന്റെ മാർച്ച് 11, 13,14 തീയതികളിലെ സർവീസുകളാണ് റദ്ദാക്കിയത്.
ഇറ്റലിയിൽ നിന്ന് ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽ വഴി കൊച്ചിയിലെത്തിയ 26 യാത്രക്കാരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടവരാണിവർ.
പരീക്ഷ മാറ്റിവച്ചു
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജൂനിയർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേയ്ക്ക് വിവിധ ജില്ലകളിലെ അമ്പതോളം സ്കൂളുകളിലാണ് എഴുത്തുപരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.