തിരുവനന്തപുരം: തലസ്ഥാനത്ത് ഈഞ്ചയ്ക്കലിൽ ഇന്നലെ നടന്ന വൻ മയക്കുമരുന്ന് വേട്ടയിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന 1.10 ലിറ്റർ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായി.കോട്ടയം മേലുകാവ് സ്വദേശികളായ ചാലമറ്റം പുതുവിളയിൽ സുധീഷ് (27), പുളിമാവ് ഇരുമാപ്രപീടികപറമ്പിൽ ജസ്റ്റിൻ പി മാത്യു (വാവ, 33) എന്നിവരെയാണ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
വെളിച്ചെണ്ണയുടെ ബ്രാൻഡഡ് കുപ്പികളിൽ നിറച്ച് സീൽ ചെയ്ത് എണ്ണയെന്ന വ്യാജേനയാണ് ഇവർ ഹാഷിഷ് ഓയിൽ തലസ്ഥാനത്തെത്തിച്ചത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് സുധീഷിനെതിരെ ബാംഗ്ലൂർ പൊലീസിൽ കേസുണ്ട്. ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണത്ത് നിന്ന് സ്ഥിരമായി ഹാഷിഷ് ഓയിൽ വാങ്ങി കൊച്ചി, തിരുവനന്തപുരം ഭാഗങ്ങളിൽ വിൽപന നടത്തിയിരുന്ന സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സി.ഐ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്. സി.ഐ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ ടി.ആർ മുകേഷ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ എസ്. മധുസൂദനൻ നായർ, ടി. ഹരികുമാർ, എസ്. ഷൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ജസ്ലിം, സുബിൻ, രാജേഷ്, ഷംനാദ്, ജിതീഷ്, ശ്രീലാൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.