corona-death

ലണ്ടൻ: ബ്രിട്ടണിൽ കൊറോണ ബാധിച്ച് ഇന്ത്യൻ വംശജൻ നിര്യാതനായി. എൺപതുകാരനായ മനോഹർ കൃഷ്ണ പ്രഭുവാണ് മരിച്ചത്. വാട്‌ഫോർഡ് ജനറൽ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ബ്രിട്ടണിൽ കൊറോണ ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് മനോഹർ. അദ്ദേഹവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.

ബ്രിട്ടണിൽ കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാണ് മനോഹർ. അദ്ദേഹത്തിന്റെ മകൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പത്ത് ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങളുമായി അദ്ദേഹം ആശുപത്രിയിൽ പോയത്.

തന്റെ മകനെ കാണാൻ വീട്ടിൽ വന്ന ഒരു ഇറ്റാലിയൻ വ്യക്തിയിൽ നിന്നാണ് മനോഹറിന് വൈറസ് ബാധിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. ആ ഇറ്റാലിയൻ യുവാവ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷ്ണ ഭക്തനായ മനോഹർ വാട്ഫോർഡിലെ ഭക്തിവേദാന്ത മാനോഹർ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു.