arms

ന്യൂഡൽഹി: ലോകത്തിലെ ആയുധ നിർമ്മാണവിപണന രംഗത്തേക്ക് കാൽ വച്ച് ഇന്ത്യ. ലോകരാജ്യങ്ങളുടെ ആയുധവിപണന പട്ടികയിൽ ഇരുപത്തിമൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര സർക്കാർ ആയുധ നിർമ്മാണത്തിലും കയറ്റുമതിയിലും ശ്രദ്ധപുലർത്തിയാൽ വരും വർഷങ്ങളിൽ പട്ടികയിൽ ഇന്ത്യക്ക് സ്ഥാനക്കയറ്റമുണ്ടാകും.


എസ്.ഐ.പി.ആർ.ഐയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 2015ന് ശേഷം ആയുധ കയറ്റുമതിയിൽ 32%ത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ നേട്ടമാണിതെന്നാണ് വിലയിരുത്തൽ. പക്ഷെ യുദ്ധോപകരണങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്.

കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യ യുദ്ധോപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ യു.എസും ഇന്ത്യയുടെ പങ്കാളിയാണ്. ഏറെക്കാലമായി ഇന്ത്യക്ക് ആയുധങ്ങൾ നൽകുന്നതിൽ പ്രധാനിയായ റഷ്യയിൽ നിന്ന് 56% ആയുധങ്ങളാണ് ഇറക്കുമതി ചെയ്തത്. യു.എസിൽ നിന്ന് ആയുധം ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഈ രംഗത്തെ ഇന്ത്യയുടെ പ്രധാന പങ്കാളികൾ റഷ്യയും,​ ഇസ്രായേലും,​ ഫ്രാൻസുമാണ്.

നിലവിൽ അമേരിക്കയിൽ നിന്ന് അപ്പാച്ചേ,​ ചിനൂക്ക് എന്നീ ഹെലികോപ്റ്രറുകൾക്കും പി 81 യുദ്ധവിമാനത്തിനുമാണ് ഇന്ത്യ കരാർ നൽകിയിട്ടുള്ളത്. റഷ്യയിൽ നിന്ന് എസ് 400 വിമാനഭേദക സജ്ജീകരണമുള്ള ടി 90 ടാങ്കുകളും ഉയർന്ന സാങ്കേതിക മികവുള്ള ഹെലികോപ്റ്ററുകളുമാണ് ഇന്ത്യ വാങ്ങാൻ പോകുന്നത്. അപ്പാച്ചേ,​ എം.എച്ച് റോമിയോ ചോപ്പറുകളുടെ വില മൂന്ന് ബില്ല്യൻ യു.എസ് ഡോളറാണ്.

2010-14 കാലയളവിൽ ഭീകരപ്രവർത്തനങ്ങൾക്കെതിരെയും രാജ്യസുരക്ഷ മുന്നിൽക്കണ്ടും ഇന്ത്യയും അമേരിക്കയും ഒന്നിച്ചു പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് അമേരിക്ക ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ പങ്കാളിയാകുന്നത്. 2015-19 ഇന്ത്യ ഈ നിലപാട് തുടർന്നു. 2010-19 കാലയളവിൽ 51 ശതമാനമാണ് അമേരിക്കയും ഇന്ത്യയും തമ്മിലുണ്ടായ ആയുധ വിപണനത്തിന്റെ വളർച്ചാനിരക്ക്.

ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങുന്നതിൽ പ്രധാനി മ്യാൻമറാണ് 46% ആയുധങ്ങളാണ് മ്യാൻമർ ഇന്ത്യയിൽ നിന്ന് വാങ്ങുന്നത്. ശ്രീലങ്ക(25%)​,​ മൗറീഷ്യസ്(14%)​ എന്നിവരും ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിനുള്ള സന്നദ്ധത നിരവധി രാജ്യങ്ങൾ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.