police

ആലുവ: തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹം താഴെ ഇറക്കാനായി കാൻസർ രോഗിയായ ഭാര്യ പൊലീസ് ഉദ്യോഗസ്ഥരെ കാത്തിരുന്നത് 16 മണിക്കൂർ. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പെയ്‌ന്റിംഗ് തൊഴിലാളിയായ തോട്ടയ്‌ക്കാട്ടുകര കുരുതിക്കുഴി ജോഷി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആലുവ റൂറൽ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിക്ക് സമീപമാണ് സംഭവം.

വൈകീട്ട് ജോലി കഴിഞ്ഞ് ജോഷിയുടെ ഭാര്യ ലിസി വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് തൂങ്ങിനിൽക്കുന്ന ഭർത്താവിനെയാണ്. നിലവിളിച്ചതോടെ നാട്ടുകാരും എസ്.പിയുടെ ക്യാംപ് ഓഫീസിലെ പൊലീസുകാരും എത്തി. മരണം സംഭവിച്ചോ എന്ന ഉറപ്പില്ലാത്തതിനാൽ ശരീരം താഴെയിറക്കി ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞെങ്കിലും സ്ഥലത്തെത്തിയ പൊലീസുകാർ സമ്മതിച്ചില്ല. സ്റ്റേഷനിൽ നിന്ന് ആളുകൾ വരാതെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞു.

5.10ഓടെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി മരണം ഉറപ്പിച്ചു.എന്നാൽ ആറുമണിക്ക് മുമ്പ് മഹസ്സർ പൂർത്തിയാക്കാൻ പറ്റാത്തതിനാൽ മൃതദേഹം താഴെയിറക്കരുതെന്ന് വിലക്കി. അൻവർ സാദത്ത് എം.എൽ.എയും നഗരസഭ കൗൺസിലറുമൊക്കെ സ്ഥലത്തെത്തി, ചിത്രങ്ങളും വീഡിയോയും പകർത്തിയ ശേഷം മൃതദേഹം താഴെ ഇറക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പൊലീസുകാർ സമ്മതിച്ചില്ല. രാവിലെ ആറ് മണിക്കും വൈകീട്ട് ആറുമണിക്കുമിടയിലല്ലാതെ ഇൻക്വസ്റ്റ് നടത്തില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ.

ചൊവ്വാഴ്ച രാവിലെ ആറുമണി കഴിഞ്ഞിട്ടും പൊലീസ് എത്താതായതോടെ എം.എൽ.എ വീണ്ടും പൊലീസിനെ വിളിച്ചു. നഗരസഭ കൗൺസിലർ ജെറോം മൈക്കിളുൾപ്പെടെയുള്ളവർ സ്റ്റേഷനിൽ പോയി. ഒമ്പത് മണി കഴിഞ്ഞാണ് പൊലീസെത്തിമൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ച ജോഷിയുടെ മക്കൾ വിദേശത്താണ്.