ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവച്ചത് പാർട്ടിക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാര്‍ട്ടിക്കിടയിൽ കമല്‍നാഥ്-സിന്ധ്യ പോരാട്ടം ശക്തമായിരുന്നു. കമല്‍നാഥ് പി.സി.സി അദ്ധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കുന്നതിനെ സിന്ധ്യ എതിര്‍ത്തിരുന്നു. രാജ്യസഭ എം.പി സ്ഥാനത്തെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയിലാണ് സിന്ധ്യയുടെ അപ്രതീക്ഷിത രാജി. സിന്ധ്യയുടെ രാജിയിൽ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ആത്മാവ് വിറ്റ് സിന്ധ്യ രാഷ്ട്രീയത്തിന് കളങ്കം എന്നാണ് ശബരീനാഥൻ എം.എം.എൽ.എ പ്രതികരിച്ചത്.
രാജിക്കത്തില്‍ സിന്ധ്യ ഉപയോഗിച്ച ഒരു വരി ചൂണ്ടിക്കാട്ടിയാണ് ശബരീനാഥന്‍ രംഗത്തെത്തിയത്. സാധാരണ കോർപറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകൾ മെച്ചപ്പെട്ട സ്ഥാനത്തിനും ശമ്പളത്തിനുമായി പുതിയ കമ്പനിയിലേക്ക് ചേക്കേറുമ്പോൾ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'മൂവ് ഓണ്‍'.
ഈ നാടിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും പോറൽ ഏറ്റിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം വ്യക്തി ലാഭത്തിനുവേണ്ടിമാത്രം ആത്‌മാവ് വിറ്റ് 'മൂവ് ഓണ്‍' ചെയ്യുന്ന നേതാക്കള്‍ രാഷ്ട്രീയത്തിന് കളങ്കമാണെന്ന് അദ്ദേഹം ഫേസ്ബുക്ക്പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം
ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ഒരു വരി എന്നെ അതിശയിപ്പിച്ചു " it is time for me to move on". സാധാരണ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന ആളുകൾ മെച്ചപ്പെട്ട സ്ഥാനത്തിനും ശമ്പളത്തിനുമായി പുതിയ കമ്പനിയിലേക്ക് ചേക്കേറുമ്പോൾ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഈ "move on".
ഈ നാടിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും പോറൽ ഏറ്റിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം വ്യക്തി ലാഭത്തിനുവേണ്ടിമാത്രം ആത്‌മാവ് വിറ്റ് "move on" ചെയ്യുന്ന നേതാക്കൾ രാഷ്ട്രീയത്തിന് കളങ്കമാണ്. മകൻ സിന്ധ്യക്ക് ചരിത്രം നൽകുന്ന സ്ഥാനം ഇതായിരിക്കും. അതോടൊപ്പം പറയാതെ വയ്യ, പാർട്ടി നേതൃത്വം ആപൽക്കരമായ ഈ നിസ്സംഗത വെടിയണം.