ലണ്ടൻ: ബ്രിട്ടണിലെ ആരോഗ്യമന്ത്രി നാദിൻ ഡോറിസിന് കൊറോണ സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് മന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട് തുടങ്ങിയത്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. മറ്റ് എം.പിമാർക്കൊപ്പം രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വസതിയിൽ നടത്തിയ വിരുന്നിൽ നാദിൻ പങ്കെടുത്തിരുന്നു.
ആരോഗ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ഗൗരവമായാണ് അധികൃതർ കാണുന്നത്.പാർലമെന്റ് സമ്മേളനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടണിൽ ഇതുവരെ 382 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ത്യൻ വംശജൻ ഉൾപ്പെടെ ആറുപേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ശുചിത്വം പാലിക്കുക, അസുഖങ്ങൾ ഉള്ളവർ പൊതുജനങ്ങൾക്കിടയിൽ ഇറങ്ങരുത് തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.