pb-nooh-about-corona-viru

പത്തനംതിട്ട: കൊറോണ വൈറസ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ ചിലർ ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്ന് പത്തനംതിട്ട ജില്ല കളക്ടർ പി.ബി നൂഹ്. സമ്പർക്കപ്പട്ടികയിലുള്ള സഹകരിക്കാത്തവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങേണ്ട ആവശ്യമില്ലെന്നും,​ അവർക്ക് ഭക്ഷണം വീടുകളിലെത്തിക്കുമെന്നും കളക്ടർ പറഞ്ഞു.

നിരീക്ഷണത്തിൽ കഴിയുന്ന 28 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും കളക്ടർ അറിയിച്ചു. നിലവിൽ പത്തനംതിട്ടയിൽ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളുടെ വയോധികരായ മാതാപിതാക്കൾക്കും ബന്ധുക്കളായ ഐത്തലയ്ക്കടുത്ത് ജണ്ടായിക്കലിലെ അമ്മയ്ക്കും മകൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വയോധികർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും അറുപത്തിമൂന്നുകാരിയായ അമ്മയും ഇരുപത്തിയെട്ടുകാരിയായ മകളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 89 കാരിയുടെ നില ഗുരുതരമായി തുടരുകയാണ്.

ആദ്യം രോഗം ബാധിച്ച ഇറ്റലിയിൽ നിന്നെത്തിയ ഭർത്താവും ഭാര്യയും മകനും പുറമേ, ഭർത്താവിന്റെ സഹോദരനും ഭാര്യയും പത്തനംതിട്ട ജനറൽ ആശുപത്രിയിലുണ്ട്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. കൊറോണ ബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്ന കൊച്ചിയിലെ മൂന്ന് വയസുകാരന്റെ മാതാപിതാക്കളിൽ ഇന്നലെ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. അതേസമയം, രണ്ടുവയസുകാരിയുടേതുൾപ്പെടെ 24പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.