petrol

ന്യൂഡൽഹി: രാജ്യാന്തര വിപണിയിലെ വിലയിടിവിനെ തുടർന്ന് പെട്രോൾ,​ ഡീസൽ വില രണ്ടര രൂപയോളം കുറഞ്ഞു. പെട്രോളിന് രണ്ട് രൂപ 60 പൈസയും ഡീസലിന് രണ്ട് രൂപ 52 പൈസയും കുറഞ്ഞു. നിലവിൽ പെട്രോളിന് 73 രൂപ 71 പൈസയും ഡീസലിന് 67 രൂപ 94 പൈസയുമാണ് വിപണി വില. ഇന്ധന വില ഇനിയും കുറയുമെന്നാണ് നിഗമനം. അടുത്ത ആഴ്ചയോട് കൂടി ആറ് രൂപവരെ പെട്രോളിനും ഡീസലിനും കുറയുമെന്ന് കരുതുന്നു. അസംസ്കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയിൽ കുറഞ്ഞതോടെയാണ് രാജ്യത്തിനകത്തും വില കുറയുമെന്ന റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുന്നത്.

രാജ്യാന്തര വിപണിയിൽ 30 ശതമാനമാണ് എണ്ണ വില താഴ്ന്നത് കോവിഡ്-19 ലോകരാജ്യങ്ങളിൽ വ്യാപിച്ചതോടെ 35 ഡോളറാണ് ബാരലിന് വില. പക്ഷേ ഈ വിലയ്ക്ക് അനുസൃതമായ വിലക്കുറവ് രാജ്യത്തിനകത്ത് ഉണ്ടായിട്ടില്ല. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ഇന്ധന വില പുതുക്കുന്നത്. അതിനാൽ വരും ദിവസങ്ങളിൽ രാജ്യാന്തര വിപണിയിലെ അവസ്ഥയിൽ മാറ്റമില്ലെങ്കിൽ ആഭ്യന്തര വിപണിയിലും വില കുറയാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

രൂപയുടെ മൂല്യം രാജ്യാന്തര വിപണിയിലെ എണ്ണ വിലയോടൊപ്പം താഴ്ന്നതിനാൽ വിപണിയിലെ വിലമാറ്റത്തിന്റെ ഗുണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.